28ാമത് ഐ.എഫ്.എഫ്.കെ; ഉദ്‌ഘാടന ചിത്രം ഗുഡ്ബൈ ജൂലിയ

മുഹമ്മദ് കൊർദോഫാനി എന്ന നവാഗത സുഡാനിയൻ ചലച്ചിത്രകാരന്റെ ഗുഡ്ബൈ ജൂലിയ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചിത്രമായി പ്രദർശിപ്പിക്കും. ഡിസംബർ എട്ടിന് മേളയുടെ ഉദ്‌ഘാടന സമ്മേളനത്തിന് ശേഷം വൈകിട്ട് ആറു മണിക്ക് നിശാഗന്ധിയിൽ ആയിരിക്കും ചിത്രത്തിന്റെ പ്രദർശനം. സുഡാനിൽ നിന്ന് കാൻ ചലച്ചിത്ര മേളയിലേയ്ക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണിത്. 2011 ലെ സുഡാൻ വിഭജനസമയത്ത്  അവിടെ നിലനിന്നിരുന്ന രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ അടിസ്ഥാനപ്രമേയമാക്കി നിർമിക്കപ്പെട്ട ഈ ചിത്രം മോന എന്ന ഗായികയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളെകുറിച്ചാണ് ചർച്ചചെയ്യുന്നത്. സുഡാനിലെ രണ്ടു വൈവിധ്യമാർന്ന പ്രവിശ്യകളിൽ നിന്നുള്ള രണ്ടു സ്ത്രീകൾ, അവരുടെ ജീവിതങ്ങൾ എങ്ങനെ ഇഴചേർന്നു കിടക്കുന്നു എന്നും ഈ ചിത്രം വരച്ചുകാട്ടുന്നു. തന്റെ ആദ്യ ചിത്രമായിരുന്നിട്ടുകൂടി കൊർദോഫാനിയുടെ സംവിധാനമികവിലൂടെ യുദ്ധഭൂമികയിൽ മനുഷ്യർ നേരിടുന്ന പല പ്രശ്നങ്ങളെയും തിരശീലയിലെത്തിക്കാൻ സാധിച്ചിട്ടുണ്ട്. അതിനോടൊപ്പം തന്നെ സുഡാനിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ ഉള്ളറകളിലേക്ക് കടന്നു ചെല്ലാനും ഈ ചിത്രം ശ്രമിച്ചിട്ടുണ്ട്. കാൻ ചലച്ചിത്ര മേളയിൽ  ഫ്രീഡം അവാർഡ് നേടിയ ഈ ചിത്രം സുഡാന്റെ ഔദ്യോഗിക ഓസ്കാർ എൻട്രിയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *