പിലിക്കോട്: പുത്തനിന്ത്യ പണിയുവാന്‍ ശാസ്ത്ര ബോധം വളരണം എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാനത്തുട നീളം നടത്തുന്ന ഗ്രാമശാസ്ത്ര ജാഥയോടൊപ്പം അവതരിപ്പിക്കുന്ന ലഘു നാടകത്തിന്റെ കാസര്‍കോട് ജില്ലാതല പരിശീലനം പൂര്‍ത്തിയായി. ഉള്ളില്‍ മുളപൊട്ടി തൊണ്ടയില്‍ കുരുങ്ങി ശ്വാസം മുട്ടിപ്പിടയുന്ന നീറുന്ന നിരവധി ചോദ്യങ്ങളെറിഞ്ഞു കൊണ്ടുള്ളതാണ് 30 മിനുട്ട് ദൈര്‍ഘ്യമുള്ള ചോദ്യം എന്ന നാടകം.
ജിനോ ജോസഫ് ആണ് രചനയും സംവിധാനവും . പ്രശസ്ത കവി എം.എം സചീന്ദ്രന്റെ വരികള്‍ക്ക് കോട്ടയ്ക്കല്‍ മുരളി സംഗീതം നല്‍കി. രതീഷ് പല്ലവി, ദേവി എം.പി, ഗൗതം കൃഷ്ണ എന്നിവരുടേതാണ് ശബ്ദം . യാത്രയ്ക്ക് ഡിസംബര്‍ 7 ന് വിവിധ കേന്ദ്രങ്ങളില്‍ തുടക്കമാവും. 16 വരെ ജില്ലയിലെ തൃക്കരിപ്പൂര്‍ , കാസര്‍കോട്, കാഞ്ഞങ്ങാട്, പരപ്പ എന്നീ നാല് മേഖലകളിലായി നാല് വ്യത്യസ്ത കലാ സംഘങ്ങള്‍ പദയാത്രയോടൊപ്പം സഞ്ചരിച്ച് അറുപത് വേദികളില്‍ നാടകം അവതരിപ്പിക്കും. നാടകത്തിന്റെ പരിശീലനം കാലിക്കടവ് ഫ്രന്റ്‌സ് ക്ലബ്ബില്‍ പൂര്‍ത്തിയായി. ഇരുപതിലധികം കലാകാരന്‍മാരും കലാകാരികളുമടങ്ങിയ സംഘം രണ്ടാഴ്ചത്തെ പരിശീലനത്തിനു ശേഷമാണ് ജനങ്ങളിലേക്കിറങ്ങുന്നത്. മുതിര്‍ന്ന നാടക പ്രവര്‍ത്തകന്‍ പപ്പന്‍ കുട്ടമത്ത് പരിശീലനം ഉദ്ഘാടനം ചെയ്തു. വി.കെ കുഞ്ഞികൃഷ്ണന്‍, ഭരതന്‍ പിലിക്കോട്, ഒപി ചന്ദ്രന്‍ എന്നിവര്‍ പരിശീലനത്തിന്ന് നേതൃത്വം നല്കി.