പട്ടികജാതി വികസന വകുപ്പിന്റെ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണ പദ്ധതികളുടെ ഭാഗമായി കാഞ്ഞങ്ങാട് ആവിക്കര അയ്യങ്കാളി സാംസ്‌കാരിക നിലയത്തില്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നു. ഡിസംബര്‍ എട്ടിന് ഞായറാഴ്ച രാവിലെ 10 ന് സംസ്ഥാന ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെയും ജില്ലാ ഗവ. ഹോമിയോ ആശുപത്രി കാഞ്ഞങ്ങാടിന്റെയും ആഭിമുഖ്യത്തിലാണ് ക്യാമ്പ് നടക്കുന്നത്. ജില്ലാ ഗവ. ഹോമിയോ ആശുപത്രി റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി അക്ഷയയുടെ നേതൃത്വത്തില്‍ പ്രമുഖ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് മരുന്ന് നല്‍കും. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍ പേഴ്‌സണ്‍ കെ.വി സുജാത ടീച്ചറുടെ അധ്യക്ഷതയില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കെ.വി സരസ്വതി ഉദ്ഘാടനം ചെയ്യും. ലഹരി മുക്ത ജീവിതം, ജീവിത ശൈലീ രോഗങ്ങളും ഭക്ഷണ നിയന്ത്രണവും എന്നീ വിഷയങ്ങളില്‍ നടക്കുന്ന ആരോഗ്യ ബോധവത്കരണ ക്ലാസ്സുകള്‍ക്ക് ജില്ലാ ഗവ.ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.പി ദിവ്യ, നാച്യുറോപ്പതി മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.സാരംഗ് കൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കും