പള്ളിക്കര: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2024- 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക ഉത്പന്ന ഉപകരണ പ്രദര്‍ശന വിപണന മേള- ആഗ്രോ കാര്‍ണിവല്‍- 2024 ഡിസംബര്‍ 22 മുതല്‍ 31 വരെ ബേക്കല്‍ പള്ളിക്കരയില്‍ സംഘടിപ്പിക്കുകയാണ്. മേളയുടെ ലോഗോ പ്രകാശനം പ്രശസ്ത ചലച്ചിത്ര താരം ശ്വേതാ മേനോന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വി. ശ്രീലത, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. അബ്ദുള്‍ റഹ്‌മാന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ഹരികൃഷ്ണന്‍, മടിക്കൈ പഞ്ചായത്ത് കൃഷി ഓഫീസര്‍ സി. പ്രമോദ് കുമാര്‍,ഉദുമ പഞ്ചായത്ത് കൃഷി ഓഫീസര്‍ കെ. നാണുക്കുട്ടന്‍ എന്നിവര്‍ സംബന്ധിച്ചു. പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍, ജൈവവൈവിധ്യ ശേഖരങ്ങള്‍, അത്യപൂര്‍വ്വമായ കാഴ്ച വസ്തുക്കള്‍, അത്യുല്‍പാദനശേഷിയുള്ള വിത്തുകള്‍, തൈകള്‍, നൂതന സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങള്‍, ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വിപണനവുമാണ് കാര്‍ണിവലിന്റെ പ്രധാന ആകര്‍ഷണമായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. വലിയ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന കാര്‍ണിവലില്‍ സാംസ്‌കാരിക പരിപാടികള്‍, സെമിനാറുകള്‍, വിവിധതരം കലാപരിപാടികള്‍, ഫ്‌ലവര്‍ ഷോ, കുട്ടികള്‍ക്കുള്ള പാര്‍ക്ക് എന്നിവയും ഒരുക്കും. ക്രിസ്തുമസ് അവധി നാളുകളില്‍ 10 ദിവസങ്ങളിലായി നടത്തുന്ന കാര്‍ണിവലിലേക്ക് ലക്ഷത്തിലധികം കാണികളെയാണ് പ്രതീക്ഷിക്കുന്നത്.