കാഞ്ഞങ്ങാട്: 69 അദ്ധ്യാപകരേയും 125 താത്കാലിക ജീവനക്കാരേയും പിരിച്ചുവിട്ട് കലാമണ്ഡലത്തിന്റെ ദൈനം ദിന പ്രവര്‍ത്തനം ഇല്ലാതാക്കിയ സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും കലാമണ്ഡലത്തെ രക്ഷിക്കാന്‍ കലാകാരന്മാരും സാഹിത്യകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും ഇടപെടണമെന്നും സപര്യ സാംസ്‌കാരിക സമിതി പ്രമേയം ആവശ്യപ്പെട്ടു.കേരളകലാമണ്ഡലം ഓരോ മലയാളിയുടേയും അഭിമാനസ്തംഭമാണ്.ക്‌ളാസിക്കല്‍ കലകളുടെ വളര്‍ച്ചയ്ക്ക് നിദാനമായ കലാമണ്ഡലത്തെ സാമ്പത്തിക പ്രതിസന്ധി പറഞ്ഞു നിര്‍ത്തലാക്കാനുള്ള ഹിഡന്‍ അജണ്ട ജനങ്ങള്‍ തിരിച്ചറിയണമെന്നും സപര്യ പ്രമേയം ചൂണ്ടിക്കാട്ടി.കേരളകലാമണ്ഡല സംരക്ഷണനിധി പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച് കലാമണ്ഡലത്തെ രക്ഷിക്കാന്‍ നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് എഴുത്തുകാരന്‍ സുകുമാരന്‍ പെരിയച്ചൂര്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ വര്‍ക്കിംഗ് പ്രസിഡന്റ് പ്രേമചന്ദ്രന്‍ ചോമ്പാല അദ്ധ്യക്ഷത വഹിച്ചു.ഡോ.മുരളീ മോഹനന്‍ കെ വി, ശ്രീദേവി അമ്പലപുരം, ആനന്ദ കൃഷ്ണന്‍ എടച്ചേരി, അനില്‍കുമാര്‍ പട്ടേന,ലേഖ കാദംബരി, ഷിബു വെട്ടം, രഘുനാഥ് പൊതുവാള്‍, ദിലീപ് നായര്‍ കുണ്ടാര്‍ എന്നിവര്‍ സംസാരിച്ചു