ബേക്കല്‍ : ഡ്രഗ് റീഹാബിലിറ്റേഷന്‍ എജുക്കേഷന്‍ ആന്‍ഡ് മെന്ററിങ് (ഡ്രീം) കാസര്‍കോട് , ബേക്കല്‍ പോലീസ്, വിമുക്തി, നഷാ മുക്ത് ഭാരത് അഭിയന്‍ എന്നിവയുടെ സംയുക്ത സഹകരണത്തോടുകൂടി ലഹരിവസ്തുക്കള്‍ സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിനും കൗണ്‍സിലിംഗ് സേവനങ്ങള്‍ക്കുമായി ബോര്‍ഡുകള്‍ സ്ഥാപിച്ചു. കുട്ടികളിലും യുവാക്കളിലും ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ബേക്കല്‍ ബീച്ച്, റെഡ്മൂണ്‍ ബീച്ച് എന്നിവിടങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. എന്‍. അന്‍സാര്‍, ( സബ് ഇന്‍സ്‌പെക്ടര്‍, ബേക്കല്‍ പോലീസ് സ്റ്റേഷന്‍), അജി തോമസ് അടിയായിപള്ളിയില്‍ ( ഡ്രീം ഡിസ്ട്രിക്ട് കോഡിനേറ്റര്‍), ജെസ്സി ജോര്‍ജ് (കൗണ്‍സിലര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം, കെ.സി.കെ. ഷീബ (മാനേജര്‍,ബേക്കല്‍ ബീച്ച്),കെ. വിപിന്‍ദാസ് (ഓപ്പറേഷന്‍ മാനേജര്‍, റെഡ് മൂണ്‍) എന്നിവര്‍ക്ക് ബോര്‍ഡുകള്‍ കൈമാറി. റാണിപുരത്തും സമാന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.