പാലക്കാട്: നീലപ്പെട്ടിയടക്കം വിവാദങ്ങളിലൂടെ കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് മിന്നുന്ന വിജയം. 18,724 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഈ വിജയം ചേലക്കര പിടിക്കാന്‍ കഴിയാത്ത നിരാശകള്‍ക്കിടയിലും കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും പുതുജീവന്‍ പകരുന്നതാണ്. പാലക്കാട് ഇത്തവണ 70.51 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 73.71 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്.
തന്റെ പിന്‍ഗാമിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ച ഷാഫി പറമ്പിലിന്റെയും കോണ്‍ഗ്രസിലെ പ്രതിയോഗികളെ നിഷ്പ്രഭമാക്കിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും രാഷ്ട്രീയ വിജയം കൂടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. പാലക്കാട് കുത്തകയാക്കിയ ഷാഫി പറമ്പില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ വിജയം നേടിയതോടെയാണ് പാലക്കാട്ട് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.