പാലക്കുന്ന് : തുളുനാടിന്റെ സ്വന്തം ഉത്സവമായ പൊലിയന്ദ്രത്തിന് തുടക്കമായി. പാലമരത്തിന്റെ ശിഖരങ്ങളില്‍ മണ്‍ചിരാതുകള്‍ വെച്ച് അതില്‍ തിരി തെളിച്ച് ത്രിസന്ധ്യാനേരത്ത് ‘പൊലിയന്ദ്രാ … പൊലിയന്ദ്രാ… ഹരിയോ ഹരി…’ എന്ന് അരിയിട്ട് സ്തുതിപാടുന്ന ചടങ്ങാണിത്. ജില്ലയിലും, കര്‍ണാടകയില്‍ കുന്താപുരം വരെയുള്ള ചില ക്ഷേത്രങ്ങളിലും വീടുകളിലും തെയ്യകാവുകളിലും ഐശ്വര്യത്തിന്റെ പ്രതീകമായാണ് ഈ ദീപം തെളിച്ച് വന്ദിക്കുന്നത്. തുലാംമാസത്തിലെ വാവുനാള്‍ മുതല്‍ മൂന്ന് ദിവസം നീളുന്ന അനുഷ്ഠാന ചടങ്ങാണിത്. അസുര രാജാവായ മഹാബലിയെ അരിയിട്ട് വാഴിക്കാനാണിതെന്ന് വിശ്വാസം. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലും ഭണ്ഡാര വീട്ടിലും വെള്ളിയാഴ്ച്ച പൊലിയന്ദ്രം വിളി തുടങ്ങി. ചില മാറ്റങ്ങളോടെ ജില്ലയില്‍ കീഴൂരിലും പൊടവടുക്കത്തും തൃക്കരിപ്പൂരിലുമാണ് പ്രധാനമായും ഈ അപൂര്‍വ ആചാരം അനുഷ്ഠിച്ചു വരുന്നത് .