കാസറഗോഡ് : ജീവിത ശൈലീ രോഗങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ശൈലീ സര്‍വ്വേയില്‍ ബെള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രം ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബെള്ളൂര്‍ കുടുബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുടെയും ബെള്ളൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെയും മേല്‍നോട്ടത്തില്‍ കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിലെ ആശാ പ്രവര്‍ത്തകരും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്നാണ് ശൈലീ സര്‍വ്വേ നൂറ് ശതമാനം പൂര്‍ത്തീകരിച്ച് അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്. സര്‍വ്വേയുടെ ഭാഗമായി ബെള്ളൂര്‍ ഗ്രാമ പഞ്ചായത്തിലെ 30 വയസിനു മുകളില്‍ പ്രായമുള്ള മുഴുവന്‍ ആളുകളെയും ശാസ്ത്രീയമായ ചോദ്യാവലി ഉപയോഗിച്ച് സ്‌ക്രീനിങ്ങിനു വിധേയമാക്കുകയും രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിനു മുമ്പ് തന്നെ രോഗ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ജീവതശൈലീ മാറ്റം നിര്‍ദ്ദേശിക്കുകയും ചെയ്തു. രോഗലക്ഷണങ്ങള്‍ പ്രകടമായവര്‍ക്ക് ആരോഗ്യ സംവിധാനങ്ങള്‍ ഉപയോഗിച്ച് ചികിത്സ ആരംഭിച്ചു. പ്രമേഹം, രക്താതിമര്‍ദ്ദം, വായിലെ കാന്‍സര്‍, സ്തനാര്‍ബുദം, ഗര്‍ഭാശയ മുഖ കാന്‍സര്‍, ശ്വാസ കോശ രോഗങ്ങള്‍ എന്നീ രോഗങ്ങളാണ് സര്‍വ്വേയുടെ ഭാഗമായി സ്‌ക്രീനിങ്ങിനു വിധേയമാക്കിയത്.
ബെള്ളൂര്‍ ഗ്രാമ പഞ്ചായത്തിലെ 2517 വീടുകളാണ് സര്‍വ്വേയുടെ ഭാഗമായി ആശ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചത്. 5873പേരെ പരിശോധിച്ച് രോഗ ലക്ഷണങ്ങള്‍ പ്രകടമാക്കിയവര്‍ക്ക് ചികിത്സ നിര്‍ദ്ദേശിച്ചു. ഇതോടൊപ്പം ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ആരോഗ്യ ബോധവല്‍ക്കരണ ശീലവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തി. രോഗ ലക്ഷണങ്ങള്‍ പ്രകടമാക്കിയ മുഴുവന്‍ ആളുകളുടെയും ചികിത്സ ഉറപ്പാക്കുന്നതിനായി തുടര്‍ ഗൃഹ സന്ദര്‍ശനങ്ങളും സര്‍വ്വേയുടെ ഭാഗമായി സംഘടിപ്പിക്കും. ശൈലീ സര്‍വ്വേയില്‍ നൂറ് ശതമാനം നേട്ടം കൈവരിച്ച ബെള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിലെ ആശ പ്രവര്‍ത്തകരെയും ആരോഗ്യ പ്രവര്‍ത്തകരെയും പ്രവര്‍ത്തനത്തിന് മേല്‍നോട്ടം നല്‍കിയ ബെള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.വി. ജ്യോതി മോളെയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസും അഭിനന്ദിച്ചു.