പാലക്കുന്ന് : യു. കെ.യിലെ സതാംപ്ട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെയ്‌ലേഴ്‌സ് സൊസൈറ്റി ഇന്ത്യന്‍ ഘടകത്തിന്റെ നേതൃത്വത്തില്‍ രാജ്യത്തിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ മര്‍ച്ചന്റ്‌നേവി ജീവനക്കാര്‍ക്കും അവരുടെ അടുത്ത ബന്ധുക്കള്‍ക്കും ബോധവത്കരണ സെമിനാറുകള്‍ നടത്തുകയാണ്. അതിന്റെ ഭാഗമായി കേരളത്തിലെ സെമിനാര്‍ കാസര്‍കോട് ജില്ലയില്‍ പാലക്കുന്നിലുള്ള കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് കോണ്‍ഫറന്‍സ് ഹാളില്‍ 6ന് രാവിലെ 9.30ന് സെയ്‌ലേഴ്‌സ് സൊസൈറ്റി തലവനും ഡി.ജി ഷിപ്പിംഗ് അഡൈ്വസറി ബോര്‍ഡ് അംഗവുമായ ക്യാപ്റ്റന്‍ വി. മനോജ് ജോയ് ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് പാലക്കുന്നില്‍ കുട്ടി അധ്യക്ഷനാകും. ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളില്‍ അദ്ദേഹം ക്ലാസെടുക്കും.നിലവില്‍ കപ്പലില്‍ ജോലിയിലുള്ളവരുടെ ഭാര്യമാര്‍ക്കും അവധിയിലുള്ളവര്‍ക്കും ഭാര്യമാര്‍ക്കും പങ്കെടുക്കാം. കപ്പല്‍ ജോലിക്ക് പ്രവേശിക്കുമ്പോള്‍ ഒപ്പിടുന്ന കരാറിലെ കാതലായ സൂചനകള്‍, ഭര്‍ത്താവ് കപ്പലില്‍ ജോലിയിലിരിക്കെ ഭാര്യ അനുവര്‍ത്തിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ കരുതലുകള്‍ വിഷയമാകും. ഷിപ്പിങ് ജോലിയുമായി ബന്ധപ്പെട്ട ഏത് വിഷയങ്ങളിലുമുള്ള സംശയങ്ങള്‍ക്കും അദ്ദേഹം മറുപടി പറയുമെന്നും അതുകൊണ്ട് ഭാര്യമാരും സെമിനാറില്‍ പങ്കെടുക്കണമെന്ന് ക്ലബ് ജനറല്‍ സെക്രട്ടറി യു.കെ. ജയപ്രകാശ് അറിയിച്ചു.