കാഞ്ഞങ്ങാട് : റോഡിന് സ്ഥലം നല്‍കിയതും ശ്രമദാനം നടത്തിയതും നാട്ടുകാര്‍. ഒടുവില്‍ നാട്ടുതനിമയില്‍ തന്നെ റോഡിനു പേരും നല്‍കി- നാട്ടുവഴി. പ്രശസ്ത എഴുത്തുകാരന്‍ സുകുമാരന്‍ പെരിയച്ചൂരാണ് റോഡിന് നാട്ടുവഴി എന്ന പേര് നിര്‍ദ്ദേശിച്ചത്.നാട്ടുകാര്‍ അത് ഹൃദയപൂര്‍വ്വം സ്വീകരിക്കുകയും ചെയ്തു.
കാഞ്ഞങ്ങാട് കുശാല്‍നഗറിലാണ് ഈ റോഡ്. റോഡിന്റെയും നടവഴിയുടെയുമൊക്കെ പേരില്‍ സമീപവാസികള്‍ പരസ്പരം കലഹിക്കുകയും സംഘര്‍ഷത്തിലേര്‍പ്പെടുകയും ചെയ്യുന്ന കാലത്ത് ഒരു തിരുത്താവുകയാണ് ഈ നാട്ടുവഴി. കുശാല്‍നഗറില്‍ നിന്ന് കടപ്പുറം റോഡിലേക്കു പോകുന്ന വഴിയിലാണ് നാട്ടുവഴി. റോഡിന് സ്ഥലം നല്‍കിയത് റോഡിന്റെ ഗുണഭോക്താക്കള്‍ തന്നെ .ഇതിന്റെയും ചെലവും ശ്രമദാനവുമെല്ലാം നാട്ടൊരുമയില്‍ തന്നെ നടത്തി. ഒക്ടോബര്‍ 30 ന് ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് വാര്‍ഡ് കൗണ്‍സിലര്‍ സി.എച്ച്.സുബൈദ നാട്ടുവഴി ഉദ്ഘാടനം ചെയ്തു .സുകുമാരന്‍ പെരിയച്ചൂര്‍ സ്വാഗതം പറഞ്ഞു.പി.വി.സോമരാജന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.ടി.വാസു, കാര്യമ്പു,കെ.ഗോപാലന്‍, ഷീല ടീച്ചര്‍, കെ.എ.കമലാവതി, ടി.അജിത്ത്, കെ.സുനില്‍, പി.വി.ഗിരീഷ് കുമാര്‍, എ.ഷിജു, എ.ബിജു, പി.രഘുരാജ്, വി.വി.സരോജ, അഫീജാബി, ഷൈന ബീഗം എന്നിവര്‍ സംബന്ധിച്ചു.