ഒക്ടോബര്‍ 29ന് പുലര്‍ച്ചെ 12.15നാണ് നീലേശ്വരം വീരര്‍ക്കാവ് കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് കരിമരുന്ന് പ്രയോഗത്തിനിടെ തീപിടുത്തം ഉണ്ടായത്. വിവരം അറിഞ്ഞ് പുലര്‍ച്ചെ 1.30 ഓടെ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പോലീസ് മേധാവി ഡി.ശില്‍പ്പ, കണ്ണൂര്‍ ഡി.ഐ.ജി രാജ് പാല്‍മീണ എന്നിവരുടെ നേതൃത്വത്തില്‍ അപകട സ്ഥലത്തെത്തുകയും അടിയന്തര നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. റവന്യൂ പോലീസ് സംവിധാനങ്ങളോടൊപ്പം ചേര്‍ന്ന് നാട്ടുകാരും പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി. ഡോക്ടര്‍മാരും മറ്റ് ആരോഗ്യ വകുപ്പ് ജീവനക്കാരും പരിക്കേറ്റവരെ പരിചരിച്ചു. പരിക്കേറ്റവരെല്ലാം സുരക്ഷിതരാണെന്നും ഭാവിയില്‍ ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും ഭാഗമായി കരിമരുന്ന് പ്രയോഗം നടത്തുമ്പോള്‍ കൃത്യമായ സുരക്ഷാ സൗകര്യങ്ങള്‍ ഉറപ്പാക്കുകയും ലൈസന്‍സ് നേടുകയും വേണമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു.