കാസര്‍കോട് ഇന്ത്യയിലെ ഡിജിറ്റല്‍ സാക്ഷരത പൂര്‍ത്തീകരിക്കുന്ന ആദ്യ ജില്ലയായി
കാസര്‍കോട് ജില്ലാ പഞ്ചായത്ത് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സാക്ഷരതാ മിഷനിലൂടെ കൈറ്റിന്റെ സഹകരണത്തോടെനടപ്പിലാക്കിയ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ (ഉയരങ്ങള്‍ കീഴടക്കാം ) പ്രഖ്യാപനവൂം കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിച്ചു. സാക്ഷരത മിഷന്‍ നടത്തുന്ന ഹയര്‍സെക്കന്‍ഡറി തുല്യത ഒമ്പതാം ബാച്ചിന്റെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എ മാരായ എം.രാജഗോപാലന്‍, ഇ ചന്ദ്രശേഖരന്‍,സി എച്ച് കുഞ്ഞമ്പു, എം.കെ.എം അഷ്റഫ്, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ എന്നിവര്‍ മുഖ്യാതിഥികളായി. സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ പ്രൊഫ എ.ജി ഒലീന, കൈറ്റ് എക്സിക്യട്ടിവ് ഡയറക്ടര്‍ കെ.അന്‍വര്‍ സാദത്ത് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. പിലിക്കോട് ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ഡീറ്റൈല്‍ സാക്ഷരത പ്രഖ്യാപനവും ഈ മുറ്റം പ്രഖ്യാപനവും നടത്തിയതിന്റെ പ്രവര്‍ത്തനരേഖ ചടങ്ങില്‍ മന്ത്രിയ്ക്ക് കൈമാറി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ എസ് എന്‍ സരിത, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് ശബരീഷ് എന്നിവര്‍ സംസാരിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി പ്രസന്നകുമാരി, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത എന്നിവരുടെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങള്‍ മന്ത്രിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ഉദ്വോഗസ്ഥര്‍ പഠിതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. ഹയര്‍സെക്കന്‍ഡറി തുല്യതാ പഠിതാക്കള്‍ക്കുള്ള പാഠപുസ്തകവും മന്ത്രി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍ സ്വാഗതവും ജില്ലാ സാക്ഷരതാ മിഷന്‍ കോഡിനേറ്റര്‍ പി എന്‍ ബാബു നന്ദിയും പറഞ്ഞു.
16നും 60 നും ഇടയില്‍ പ്രായമുള്ള ഒരു ലക്ഷത്തി പന്ത്രണ്ടായിരംപേരെയാണ് ജില്ലയില്‍ ഡിജിറ്റല്‍ സാക്ഷരരാക്കിയത്. ഒരു ദിവസം രണ്ടു മണിക്കൂര്‍ വച്ച് അഞ്ചുദിവസം 10 മണിക്കൂര്‍ കൊണ്ട് പഠിതാക്കളെ മൊബൈല്‍ ഫോണിലൂടെ ടോര്‍ച്ച് അടിക്കാനും അലറാം സെറ്റ് ചെയ്യാനും ഗൂഗിള്‍ പേ ചെയ്യാനും മൊബൈല്‍ റീചാര്‍ജ് ചെയ്യാനും കരണ്ട് ബില്ല് അടയ്ക്കാനും മെസ്സേജ് അയയ്ക്കാനും തുടങ്ങി ഏറ്റവും മിനിമം കാര്യങ്ങള്‍ പഠിപ്പിച്ചു കഴിഞ്ഞു. കൈറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ പരിശീലനം കൊടുത്ത 750 സന്നദ്ധ അധ്യാപകര്‍ സാക്ഷരതാ മിഷന്‍ പ്രേരകുമാരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഓരോ വാര്‍ഡുകളിലും വിവിധ പ്രദേശങ്ങളില്‍ 20 മുതല്‍ 50 പേര് വരെ ഒന്നിച്ചിരുത്തി ഡിജിറ്റില്‍ മാധ്യമങ്ങള്‍ ഉപയോഗപെടുത്തിയാണ് ക്ലാസുകള്‍ സംഘടിപ്പിച്ചത്. ഡിജിറ്റല്‍ സാക്ഷരത പ്രഖ്യാപിച്ചതോടൂകൂടി കാസര്‍കോട് ജില്ല ഇന്ത്യയിലെ ഡിജിറ്റല്‍ സാക്ഷരത പൂര്‍ത്തീകരിക്കുന്ന ആദ്യത്തെ ജില്ലയായി മാറുകയാണ്. ജില്ലയിലെ കൈറ്റ് അധ്യാപകരും കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അധ്യാപകരും വിദ്യാര്‍ത്ഥികളുംവിവിധ പഞ്ചായത്തുകളില്‍ ക്ലാസുകള്‍ക്ക് നേതൃത്വം കൊടുത്തു. പഠിതാക്കള്‍ക്ക് ഡിജിറ്റല്‍ സാധ്യതയെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനും ഓര്‍മ്മിക്കുന്നതിനും വേണ്ടി ജില്ലാ പഞ്ചായത്ത് കൈറ്റിന്റെ പ്രമുഖരായ അധ്യാപകരെ ഉപയോഗിച്ച് മലയാളത്തിലും കന്നടയിലും ഡിജിറ്റല്‍ സാക്ഷരത കൈപുസ്തകവും പ്രസിദ്ധീകരിച്ച് പഠിതാക്കള്‍ക്കു നല്‍കിയി. കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ ഒരു തിളക്കമാര്‍ന്ന പദ്ധതി എന്ന നിലയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്റെയും ജില്ലാ സാക്ഷരതാ മിഷന്റേയും നേതൃത്വത്തില്‍ മികച്ച രീതിയിലാണ് ഡിജിറ്റല്‍ സാക്ഷരതയുടെ പ്രവര്‍ത്തനം ജില്ലയില്‍ സംഘടിപ്പിച്ചത്.