കള്ളാര്‍: ഗ്രാമജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ തൊട്ടറിയാനും പഠിക്കാനും സഹവാസ ക്യാമ്പുമായി വിദ്യാര്‍ത്ഥികള്‍. കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളാണ് ഒരുമയോടെ ഉന്നതിയിലേക്ക് എന്ന സന്ദേശവുമായി കള്ളാര്‍ പഞ്ചായത്തില്‍ പത്ത് ദിവസത്തെ ക്യാമ്പ് ‘നിസര്‍ഗ’ സംഘടിപ്പിച്ചിരിക്കുന്നത്. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വിന്‍സെന്റ് മാത്യു യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. വകുപ്പ് അധ്യക്ഷന്‍ ഡോ. എം. നാഗലിങ്കം, ക്യാമ്പ് കോര്‍ഡിനേറ്റര്‍ ഡോ. രാജേന്ദ്ര ബൈക്കാഡി, അധ്യാപകരായ ഡോ. ലക്ഷ്മി, ഡോ. ജില്ലി ജോണ്‍, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍മാരായ അലീന ജെയിംസ്, മുഹമ്മദ് ആരിഫ് എന്നിവര്‍ സംബന്ധിച്ചു. അടോട്ടുകയ ഗവണ്‍മെന്റ് വെല്‍ഫെയര്‍ എല്‍പി സ്‌കൂളിലാണ് വിദ്യാര്‍ത്ഥികള്‍ ക്യാമ്പ് ചെയ്യുന്നത്.
സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് ഡീന്‍ പ്രൊഫ. എം.ആര്‍. ബിജു ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം പി. ഗീത, വൈസ് പ്രസിഡണ്ട് പ്രിയ ഷാജി, സ്‌കൂള്‍ പ്രധാനാധ്യാപിക പുഷ്പ, ഊരുമൂപ്പന്‍ കെ. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമങ്ങളിലെ സാമൂഹ്യ സാഹചര്യങ്ങള്‍ മനസിലാക്കുക, സര്‍ക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും ഇടപെടലുകളും പ്രവര്‍ത്തനങ്ങളും അറിയുക തുടങ്ങിയവയാണ് ക്യാമ്പിന്റെ ലക്ഷ്യങ്ങള്‍. ബോധവത്കരണ ക്ലാസ്സുകള്‍, കലാ സാംസ്‌കാരിക പരിപാടികള്‍, ഊരുമൂപ്പന്മാരുമായുള്ള സംവാദം, മെഡിക്കല്‍ ക്യാമ്പ്, അക്കാദമിക് സെഷനുകള്‍ തുടങ്ങിയവ ഉണ്ടാകും. നവംബര്‍ മൂന്നിന് സമാപിക്കും.