പാലക്കുന്ന് പള്ളത്ത് വാഹന ഗതാഗതം കുരുക്കില്‍, കാല്‍നട യാത്രക്കാരും ദുരിതത്തില്‍
പാലക്കുന്ന്: സംസ്ഥാന പാതയില്‍ പാലക്കുന്ന് പള്ളത്ത് നടന്നു വരുന്ന കലുങ്ക് നിര്‍മാണത്തിന്റെ ഭാഗമായി ഒരുക്കിയ താല്‍ക്കാലിക സംവിധാനത്തിലെ പിഴവ് മൂലം ഇതിലൂടെയുള്ള വാഹന ഗതാഗതം താറുമാറാകുന്നത് പതിവാകുന്നു.
കാസര്‍കോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കടന്നു പോകാന്‍ ഒരുക്കിയ താത്കാലിക യാത്ര സംവിധാനം മഴയെതുടര്‍ന്ന്
ചളിക്കുളമാവുകയാണിവിടെ. മൂന്ന് മാസം മുമ്പ് തകര്‍ന്ന കലുങ്കിന്റെ നിര്‍മാണത്തിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. കാല്‍നട യാത്രക്കാര്‍ക്കും അപ്പുറം കടക്കാന്‍ ബുദ്ധിമുട്ടുന്നു.
വാഹനങ്ങള്‍ മറുഭാഗം കടക്കാന്‍ ഏറെ നേരം കാത്തിരിക്കേണ്ട അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം,പാലക്കുന്ന് യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. കരാറുകാരന്റെയും ട്രാഫിക് പോലീസിന്റെയും ഭാഗത്ത് നിന്ന് വാഹനങ്ങളെ നിയന്ത്രിക്കാന്‍ സംവിധാനം ഒരുക്കാത്തതിനെ തുടര്‍ന്ന് ഇവിടെ മിക്ക സമയങ്ങളിലും വാഹനങ്ങളുടെ നീണ്ട നിരതന്നെ ഉണ്ടാകുന്നു.
പണി പൂര്‍ത്തിയാക്കാന്‍ ആറ് മാസം വേണ്ടി വരുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുള്ളത്.
രാത്രിയില്‍ ഇവിടെ ആവശ്യത്തിന് വെളിച്ചം ഇല്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാണെന്നും യോഗം വിലയിരുത്തി.
അറ്റകുറ്റപണി നടത്താത്തതിനെ തുടര്‍ന്ന് ഈ പാതയില്‍ ചെറുതും വലുതുമായ നിരവധി കുഴികളാണുള്ളത്. തെരുവുവിളക്കുകള്‍ മിക്കതും പ്രകാശിക്കുന്നില്ല.
കലുങ്കിന്റെ പണി നടക്കുന്ന സ്ഥലത്ത് തെരുവ് വെളിച്ചത്തിനുള്ള സംവിധാനം അടിയന്തരമായി വേണമെന്ന് പൊതുമരാമത്ത് വകുപ്പിനോടും ഉദുമ ഗ്രാമ പഞ്ചായത്തിനോടും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
പ്രസിഡന്റ് എം. എസ്. ജംഷിദ് അധ്യക്ഷത വഹിച്ചു.
ചന്ദ്രന്‍ കരിപ്പോടി, അരവിന്ദന്‍ മുതലാസ്, മുരളി പള്ളം,ഗംഗാധരന്‍ പള്ളം, ജയാനന്ദന്‍ പാലക്കുന്ന്, യൂസഫ് ഫാല്‍ക്കണ്‍, അഷറഫ് തവക്കല്‍, സതീഷ് പൂര്‍ണ്ണിമ, ചന്ദ്രന്‍ തച്ചങ്ങാട്, മുഹമ്മദ് നൂറാസ് എന്നിവര്‍ സംസാരിച്ചു.