തിരുവനന്തപുരം: മദ്യലഹരിയില്‍ കാറോടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച സംഭവത്തില്‍ നടന്‍ ബൈജുവിനെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. ഞായറാഴ്ച രാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിലാണ് സംഭവം. അമിത വേഗതയില്‍ കാറോടിച്ചതിനും മദ്യപിച്ച് ഡ്രൈവ് ചെയ്തതിനുമാണ് കേസ്. യാത്രക്കാരന് കാര്യമായ പരിക്കില്ല. ആശുപത്രിയിലേയ്ക്ക് കൊണ്ട് പോയെങ്കിലും ബൈജു വൈദ്യപരിശോധനയ്ക്ക് രക്ത സാമ്പിള്‍ കൊടുക്കാന്‍ തയാറായില്ല. തുടര്‍ന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയ്ക്ക് തയാറായില്ലെന്നും ഡോക്ടര്‍ പോലീസിന് മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കി. അര്‍ധരാത്രി ഒന്നോടെ ബൈജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ വലതു ടയറ് പഞ്ചറായിരുന്നു.