രാവണേശ്വരം: അജാനൂര്‍ കുടുംബശ്രീ സി.ഡി.എസ് രാവണേശ്വരം പുതിയ കണ്ടം വയലില്‍ സംഘടിപ്പിച്ച മഴപ്പൊലിമ പങ്കാളിത്തം കൊണ്ടും മത്സര വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി.

പോയ കാലത്തെ കാര്‍ഷിക സംസ്‌കൃതിയെ തിരിച്ചുപിടിക്കുക, യുവതലമുറയെ കാര്‍ഷിക രംഗത്തേക്ക് ആകര്‍ഷിക്കുക തുടങ്ങിയ വിവിധ ലക്ഷ്യങ്ങള്‍ ഉദ്ദേശിച്ചു കൊണ്ടാണ് മഴപ്പൊലിമ സംഘടിപ്പിച്ചത്. ചേറാണ് ചോറ് എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നടന്ന മഴപൊലിമ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു.

അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീ ഷ്, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. മീന, കെ. കൃഷ്ണന്‍ മാസ്റ്റര്‍, ഷീബ ഉമ്മര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എം.ജി. പുഷ്പ,ലക്ഷ്മി തമ്പാന്‍, പഞ്ചായത്ത് മെമ്പര്‍മാരായ ബാലകൃഷ്ണന്‍ വെള്ളിക്കോത്ത്, ഹംസ സി.എച്ച്, ഇബ്രാഹിം, സതി. പി, സിന്ധു ബാബു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി. പ്രദീഷ്, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ അനീഷ് പി, കെ രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം. വി. രത്‌നകുമാരി സ്വാഗതവും വാര്‍ഡ് മെമ്പര്‍ പി.മിനി നന്ദിയും പറഞ്ഞു. പരിപാടി യുടെ ഭാഗമായി കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ വിതരണം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ നിര്‍വഹിച്ചു. മഴപൊലിമ യുടെ ഭാഗമായി ബലൂണ്‍ റൈസ്, ഓട്ട മത്സരം ഞാറ് നടീല്‍ മത്സരം, കമ്പവലി, പാളയില്‍ വലി തുടങ്ങിയ രസകരമായ വിവിധ ഇനങ്ങള്‍ അരങ്ങേറി.

പരിപാടിയില്‍ വച്ച് കാര്‍ഷിക രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ മികച്ച കര്‍ഷകനായ രാഘവനെ ആദരിക്കുന്ന ചടങ്ങും കുടുംബശ്രീ ചക്കമേളയോടനുബന്ധിച്ച് വിജയികളായവര്‍ക്കുള്ള സമ്മാന വിതരണവും നടന്നു. ഉച്ചയ്ക്ക് കുത്തരിച്ചോറും എലിശ്ശേരിയും കൂട്ടിയുള്ള നാട്ടുകഞ്ഞിയുടെ രുചിയും മഴ പൊലിമയുടെ ആവേശംവാനോളം ഉയര്‍ത്തി.മത്സരങ്ങള്‍ക്കും വിവിധ പരിപാടികള്‍ക്കും ശേഷം വയലില്‍ ഞാര്‍ നട്ടു കൊണ്ടാണ് മഴപ്പൊലിമയുടെ പരിസമാപ്തി കുറിച്ചത്. കൂടാതെ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണവും നടന്നു.