പാലക്കുന്ന് : ട്രെയിന്‍ ഇറങ്ങി പ്ലാറ്റ്‌ഫോമില്‍ നിന്ന് ഇരു ഭാഗങ്ങളിലേക്കും കാലെടുത്തു വെക്കുന്നത് തിരക്കേറിയ ടൗണില്‍. തൊട്ടടത്ത് ഏത് ദിശയിലേക്കും വാഹന സൗകര്യവും ബസ് സ്റ്റോപ്പും. ഏതാനും കിലോമീറ്റര്‍ അപ്പുറത്ത് മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകള്‍. അവരവരുടെ പോക്കറ്റിനനുസരിച്ച് ഒട്ടേറെ ടൂറിസ്റ്റ് ഹോട്ടലുകള്‍ വേറെയും. ഭക്ഷണശാലകളും ഓഡിറ്റോറിയങ്ങളും ആരാധനാലയങ്ങളും, ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ആതുരാലയങ്ങളും അടക്കം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ലഭ്യമായ പാലക്കുന്ന് ടൗണിലാണ് കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍. പ്ലാറ്റ്‌ഫോമിനെ രണ്ടായി പകുത്തുപോകുന്ന റോഡുള്ള ഏക റെയില്‍വേ സ്റ്റേഷനാണെന്ന അപൂര്‍വത ഒരു ശാപമായി, തുടര്‍ വാഹനയാത്രയ്ക്ക് കുരുക്കാകുന്ന റെയില്‍വേ ഗേറ്റ് ഒഴിവായി കിട്ടാന്‍ ഒരു റെയില്‍വേ മേല്‍പ്പാലത്തിനായി പതിറ്റാണ്ടുകളായി കാത്തിരിപ്പ് തുടരുന്ന ക്ഷമാശീലരായ ജനങ്ങളുടെ നാട്. ഉദുമ, ചെമ്മനാട് പഞ്ചായത്തുകളിലെ ജനങ്ങള്‍ പതിറ്റാണ്ടുകളായി പേറി നടക്കുന്ന ദുരവസ്ഥയുടെ നിര്‍ദോഷിയായ വില്ലന്‍ കഥാപാത്രമാണ് കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍. മലബാര്‍ എക്‌സ്പ്രസിനും മദ്രാസ് മെയിലിനും സ്റ്റോപ്പ് കിട്ടാന്‍ ട്രെയിനുകള്‍ തടഞ്ഞതിന്റെ പേരില്‍ കോടതി കയറേണ്ടി വന്നവര്‍ ഇന്നും ഇവിടെയുണ്ട്.
മെയില്‍ വണ്ടിക്ക് സ്റ്റോപ്പ് നല്‍കിയെങ്കിലും പിന്നീട് അത് നിര്‍ത്തലാക്കുകയായിരുന്നു . ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോം ഉയര്‍ത്തി കിട്ടാന്‍ നിരാഹാര സമരം വരെ ചെയ്യേണ്ടി വന്നു.5 പതിറ്റാണ്ട് മുന്‍പ് സജീവമായിരുന്ന പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആയിരുന്നു ഇതിനൊക്കെ അന്ന് നേതൃത്വം നല്‍കിയത്.
റിസര്‍വേഷന്‍ സൗകര്യം പുനഃസ്ഥാപിക്കണം
നൂറു കണക്കിന് യാത്രക്കാര്‍ക്ക് ഉപകാരപ്പെടുന്ന ടിക്കറ്റ് റിസര്‍വേഷന്‍ സൗകര്യം ഒരു മുന്നറിയിപ്പുമില്ലാതെ നിര്‍ത്തലാക്കിയതിന്റെ രോഷം ഇവിടെ കെട്ടടങ്ങിയിട്ടില്ല. അത് പുനഃസ്ഥാപിച്ചു കിട്ടാനുള്ള ശ്രമം തുടരുകയാണ്. പാലക്കുന്ന് ഭരണി ഉത്സവ നാളില്‍ ചില ട്രെയിനുകള്‍ക്ക് അനുവദിച്ചിരുന്ന താത്കാലിക സ്റ്റോപ്പും റെയില്‍വേ നിര്‍ത്തലാക്കി.
നിലവില്‍ കോട്ടിക്കുളം ആദര്‍ശ് റെയില്‍വേ സ്റ്റേഷന്‍ ആണെന്നാണ് വെപ്പ്. അതുകൊണ്ട് എന്ത് നേട്ടമുണ്ടായി എന്നാണ് നാട്ടുകാരുടെ ചോദ്യം.
സംസ്ഥാനത്തെ ആദ്യ ടൂറിസം റെയില്‍വേ സ്റ്റേഷനായി ഉയര്‍ത്താന്‍ നിര്‍ദ്ദേശമുണ്ടായെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. നിര്‍ദിഷ്ട കോട്ടിക്കുളം- കണിയൂര്‍ റെയില്‍പാത പിന്നീട് കാഞ്ഞങ്ങാട്- കണിയൂര്‍ ആയി മാറിയത് ചരിത്രം.
കോട്ടിക്കുളത്ത് പരശുറാം എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് പതിറ്റാണ്ടുകളായി ആവശ്യപ്പെടുകയാണ് ഉദുമ, ചെമ്മനാട് പഞ്ചായത്തുകളിലെയും സമീപപ്രദേശവാസികളും. മുംബൈയുമായി ബന്ധപ്പെടേണ്ടിവരുന്ന നൂറു കണക്കിന് കപ്പലോട്ടക്കാരും പ്രവാസികളും അവിടെ കച്ചവടം ചെയ്യുന്നവരും ദീര്‍ഘദൂര ട്രെയിനുകളുടെ സ്റ്റോപ്പും ആവശ്യപ്പെടുന്നുണ്ട്. പെരിയയിലെ കേന്ദ്ര സര്‍വകലാശാലയിലെ കുട്ടികള്‍ക്കും മറ്റു യാത്രക്കാര്‍ക്കും കോട്ടിക്കുളത്ത് പരശുറാമിന്റെ സ്റ്റോപ്പ് അനിവാര്യമാണെന്ന പരാതി റെയില്‍വേക്ക് നേരത്തേ അയച്ചിട്ടുണ്ട്. നിര്‍ദിഷ്ട റെയില്‍വേ മേല്‍പ്പാലം യാഥാര്‍ത്ഥ്യമായാല്‍ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് ദീര്‍ഘദൂര യാത്രക്ക് ഈ റെയില്‍വെ സ്റ്റേഷന്‍ ഏറെ ഉപകാരപ്പെടുമെന്നാണ് കണക്കുകൂട്ടല്‍.
ഈ ആവശ്യങ്ങള്‍ക്ക് അടിയന്തര നടപടി ആവശ്യപ്പെട്ട വിവിധ സംഘടനകളും സമിതികളും :
ഉദുമ പഞ്ചായത്ത് ഭരണസമിതി, കോട്ടിക്കുളം റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍, കോട്ടിക്കുളം- പാലക്കുന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി, കോട്ടിക്കുളം വ്യാപാരി സമിതി, കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്, പാലക്കുന്ന് ലയണ്‍സ് ക്ലബ്ബ്,
പാലക്കുന്ന് കോസ്‌മോ ക്ലബ്ബ്, പാലക്കുന്ന് ബ്രദേഴ്‌സ് ക്ലബ്ബ്, പാലക്കുന്ന് റിയല്‍ ഫ്രണ്ട്‌സ് ക്ലബ്, പാലക്കുന്ന് കൂട്ടായ്മ, ഉദുമക്കാര്‍ കൂട്ടായ്മ, ചന്ദ്രഗിരി ശാസ്താ- തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്ര ദേവസ്വം ബോര്‍ഡ്, പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഭരണസമിതി, ബേക്കല്‍ കുറുമ്പ ഭഗവതി ക്ഷേത്ര ഭരണസമിതി, കോട്ടിക്കുളം കുറുമ്പ ഭഗവതി ക്ഷേത്ര ഭരണസമിതി, കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര ഭരണസമിതി, ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ഭരണസമിതി, ഉദുമ ഓതോത്ത് ചൂളിയാര്‍ ഭഗവതി ക്ഷേത്ര ഭരണ സമിതി , അച്ചേരി മഹാവിഷ്ണു ക്ഷേത്ര സംരക്ഷണ സമിതി, തിരൂര്‍ പാര്‍ഥസാരഥി ക്ഷേത്ര ഭരണസമിതി, കോട്ടിക്കുളം മുസ്ലിം ജമാഅത്ത് കമ്മിറ്റി, പാലക്കുന്ന് ക്ഷേത്ര വിദ്യാഭ്യാസ സമിതി, എസ് എന്‍ ഡി പി ഉദുമ യൂണിയന്‍, കൊപ്പല്‍ റെഡ് വേള്‍ഡ് ക്ലബ് , ഉദുമ പീപ്പിള്‍സ് ക്ലബ്, പാലക്കുന്ന് കൂലിപ്പണിക്കാര്‍ കൂട്ടായ്മ, പാലക്കുന്ന് ഓട്ടോ തൊഴിലാളി യൂണിയന്‍, പാലക്കുന്ന് ചുമട്ട് തൊഴിലാളി യൂണിയന്‍, ഉദുമ മണ്ഡലം ജനശ്രീ സുസ്ഥിര വികസന മിഷന്‍, പാലക്കുന്ന് ചാരിറ്റബിള്‍ ട്രസ്റ്റ്, പാലക്കുന്ന് വെറ്ററന്‍സ്, പള്ളം വിക്ടറി ക്ലബ്, തെക്കേക്കര യുവധാര, ഉദുമ സര്‍വീസ് പെന്‍ഷനേര്‍സ് യൂണിയന്‍, ആറാട്ടുകടവ് എ. കെ ജി ക്ലബ്, കരിപ്പോടി ഗോള്‍ഡ് സ്റ്റാര്‍ ക്ലബ്, ഫ്രണ്ട്‌സ് ആറാട്ടുകടവ്, പാലക്കുന്ന് റിക്രിയേഷന്‍ ക്ലബ്, കിസ്വാ കോട്ടിക്കുളം, കൊക്കാല്‍ ഷണ്മുഖ ക്ലബ്, പരിയാരം വിശ്വഭാരതി ക്ലബ്, അച്ചേരി അര്‍ജുന, കരിപ്പോടി എന്‍ എസ് എസ് കരയോഗം, പാലക്കുന്ന് പുരുഷ സ്വയം സഹായ സംഘം, പാലക്കുന്ന് റെയില്‍വേ മുത്തപ്പന്‍ മടപ്പുര, പാലക്കുന്ന് അംബിക ലൈബ്രറി, ഉദുമ പടിഞ്ഞാര്‍ അംബിക വായനശാല ആന്‍ഡ് ഗ്രന്ഥാലയം, ഉദുമ പടിഞ്ഞാര്‍ ജന്മ ക്ലബ്, എന്‍ ആര്‍ എസ് കോട്ടിക്കുളം.