സംസ്ഥാനത്തെ 1666 വില്ലേജ് ഓഫീസുകളില്‍ സേവനത്തോടൊപ്പം ആയിരത്തിലേറെ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ടായതായി റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. മഞ്ചേശ്വരം താലൂക്ക് ഇച്ചിലങ്കോട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉള്‍പ്പെടെ സംസ്ഥാനത്തെ 27 സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ ആയി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് 622 പുതിയ സ്മാര്‍ട്ട് വില്ലേജ് കെട്ടിടങ്ങളാണ് നിലവില്‍ വന്നത്. 407 വില്ലേജ് ഓഫീസുകളുടെ അറ്റകുറ്റപ്പണികളും നടന്നു. 263 സ്മാര്‍ട്ട് വില്ലേജുകളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. വില്ലേജ് ഓഫീസുകള്‍ മുഖേനയുള്ള 21 സേവനങ്ങള്‍ ഡിജിറ്റല്‍ ആയി. പൊതുജനങ്ങളും ജന പ്രതിനിധികളും അടക്കമുള്ളവരുടെ പിന്തുണ ലഭിക്കുന്നതിനായി വില്ലേജ് തല ജനകിയ സമിതിക്കും രൂപം നല്‍കിയെന്നും മന്ത്രി പറഞ്ഞു.
50 ലക്ഷം രൂപ വകയിരുത്തി 118.76 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ നിര്‍മ്മിച്ച ഇച്ചിലങ്കോട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തില്‍ വരാന്ത, വില്ലേജ് ഓഫീസര്‍സ് റൂം, ഓഫീസ്, ഹെല്‍പ് ഡെസ്‌ക്, ഡോക്യുമെന്റ് റൂം, ഡൈനിങ് റൂം, ടോയ്‌ലറ്റ് എന്നി സൗകര്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പുതിയ കെട്ടിടത്തിന് നിര്‍മ്മാണത്തിന് പുറമേ ബോര്‍വെല്‍ കുഴിക്കല്‍, വൈദ്യുതീകരണ പ്രവര്‍ത്തികള്‍, ലാന്‍ കണക്ഷന്‍ പ്രവര്‍ത്തികള്‍, ഓഫീസ് ക്യൂബിക്കിള്‍ പ്രവര്‍ത്തികള്‍, ഫര്‍ണിച്ചറും നെയിംബോര്‍ഡും സ്ഥാപിക്കല്‍, ചുറ്റുമതില്‍ അറ്റകുറ്റ പണികള്‍ എന്നിവയും ഉള്‍പ്പെടുന്നു. ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം നടത്തിയത്.
ചടങ്ങില്‍ എ.കെ.എം അഷ്റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ നിര്‍മിതികേന്ദ്രം ജനറല്‍ മാനേജര്‍ ഇ.പി രാജ്മോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മംഗല്‍പ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോള്‍ഡന്‍ അബ്ദുല്‍ റഹിമാന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അസീസ് കളത്തൂര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അസീസ് മരിക്കെ മംഗല്‍പ്പാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.ജി ബീഫാത്തിമ അബൂബക്കര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് പി.അഖില്‍ സ്വാഗതവും മഞ്ചേശ്വരം താലൂക്ക് തഹസില്‍ദാര്‍ ബി.സജിത്ത് നന്ദിയും പറഞ്ഞു.