ഇന്‍ഡോര്‍: എം.ബി.എ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തിന് പിന്നാലെ നടുക്കുന്ന വിവരങ്ങള്‍ പുറത്ത്. 24-കാരിയായ യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷവും പ്രതി ക്രൂരത തുടര്‍ന്നതായും ആത്മാവിനോട് സംസാരിക്കാന്‍ മന്ത്രവാദം നടത്തിയതായും പൊലീസ് കണ്ടെത്തി. വിദ്യാര്‍ത്ഥിനിയുടെ സഹപാഠിയും ആണ്‍സുഹൃത്തുമായിരുന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി.
ഫെബ്രുവരി 13-നാണ് ഇന്‍ഡോറിലെ ദ്വാരകപുരിയില്‍ അടച്ചിട്ട വാടകവീട്ടില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് നടത്തിയ പരിശോധനയിലാണ് നഗ്‌നമായ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. യുവതി കൊല്ലപ്പെട്ടതിന് ശേഷവും പ്രതി മൃതദേഹത്തെ ശാരീരികമായി ഉപദ്രവിച്ചതായും ലൈംഗികാതിക്രമം നടത്തിയതായും സംശയമുണ്ട്. കൊലപാതകത്തിന് ശേഷം നവിമുംബൈയിലെ പന്‍വേലിലേക്ക് കടന്ന പ്രതി അവിടെ വെച്ച് മന്ത്രവാദ കര്‍മ്മങ്ങള്‍ ചെയ്തതായി മൊഴി നല്‍കി. കൊല്ലപ്പെട്ട യുവതിയുടെ ആത്മാവിനോട് സംസാരിക്കാനാണ് താന്‍ ഇത് ചെയ്തതെന്നാണ് ഇയാളുടെ അവകാശവാദം. കൊലപാതകത്തിന് ശേഷം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
യുവതിക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പ്രതി മകളുടെ സ്വകാര്യ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടാറുണ്ടായിരുന്നുവെന്നും ഈ ചിത്രങ്ങള്‍ കോളേജ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതായും യുവതിയുടെ പിതാവ് ആരോപിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.