ലോകത്തിന് ആവശ്യം നൈപുണ്യമുള്ള യുവതയെ എന്ന് വി.മുരളീധരന്‍. കരിയര്‍ തെരഞ്ഞെടുക്കുമ്പോള്‍ വിദ്യാര്‍ത്ഥി സമൂഹം ഈ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് തീരുമാനം കൈക്കൊള്ളണമെന്നും മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു. വെട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങില്‍ സംസാരിക്കുക ആയിരുന്നു മുന്‍ കേന്ദ്രമന്ത്രി. തിരുവനന്തപുരം ഗ്ലോബല്‍ ഗിവേഴ്‌സ് ഫൗണ്ടേഷനും വിടുതി ഉലകുടയ പെരുമാള്‍ ട്രസ്റ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ബിരുദവും ബിരുദാനന്തര ബിരുദവും നേടുക എന്നതിന് അപ്പുറം തൊഴില്‍ പരിശീലനം എന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന നയമാണ് ഇന്നുള്ളത്. നൈപുണ്യവികസനം വരുംകാല ഇന്ത്യയുടെ ഭാവി നിശ്ചയിക്കും. രാജ്യത്തിന്റെ മനുഷ്യവിഭവശേഷി പല മേഖലകളില്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ നയപരിപാടികളുടെ കാതല്‍ എന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.വെട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ഷീജ, GGF ഡയറക്ടര്‍ ഡോ.എ.രാധാകൃഷ്ണന്‍, വിടുതി ഉലകുടയ പെരുമാള്‍ ട്രസ്റ്റ് പ്രസിഡന്റ് ശ്രീ. എസ്.സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.