തപാല്‍മേഖലയെ ആധുനികവല്‍ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം: വി.മുരളീധരന്‍

തപാല്‍വകുപ്പിനെ പഴയകാല പ്രതാപത്തിലേക്ക് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മടക്കിക്കൊണ്ടുപോകാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി.മുരളീധരന്‍.ഡ്രോണ്‍വഴിയുള്ള ഡെലിവറി വരെ ഇന്ന് തപാല്‍വകുപ്പില്‍ കാണാം. ഡിജിപിന്‍ സംവിധാനം രാജ്യത്ത് നടപ്പാക്കാന്‍ പോകുന്നു. കാലാനുസൃതമായ പരിഷ്‌ക്കാരത്തിലൂടെ തപാല്‍ വകുപ്പ് കടന്നുപോകുകയാണ്.പോസ്റ്റ് ഓഫീസ് ആക്ട് 2023 ഇതിന്റെ ഭാഗമായിരുന്നു. 125 വര്‍ഷം പഴക്കമുണ്ടായിരുന്ന കൊളോണിയല്‍ നിയമങ്ങളെ പൊളിച്ചെഴുതുകയാണ് മോദി സര്‍ക്കാര്‍. തപാല്‍വകുപ്പിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ കൊണ്ടുവന്ന നിയമത്തിനെതിരെ രാജ്യസഭയില്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയത് കേരളത്തില്‍ നിന്നുള്ള എം.പിമാരാണ്. തപാല്‍ വകുപ്പിനെ പിന്തുണക്കുന്ന സമീപനമല്ല സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുന്‍കേന്ദ്രമന്ത്രി പറഞ്ഞു.
ഭാരതീയ പോസ്റ്റല്‍ എംപ്ലോയിസ് ഫെഡറേഷന്റെ തിരുവനന്തപുരം നോര്‍ത്ത് ഡിവിഷന്‍ സംയുക്ത വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ നടത്തിയ തൊഴില്‍ മേളകളില്‍ ഏറ്റവും കൂടുതല്‍ നിയമനം നടത്തിയിട്ടുള്ള വകുപ്പുകളില്‍ ഒന്ന് തപാല്‍ വകുപ്പ്. കേന്ദ്രസര്‍ക്കാര്‍ തപാല്‍ മേഖലയെ സ്വകാര്യവല്‍ക്കരിക്കാന്‍ പോകുന്നു എന്ന വ്യാജപ്രചാരണം നടക്കുമ്പോഴാണ് നിയമനത്തില്‍ ഈ വിപ്ലവം. എല്ലാവര്‍ഷവും കൃത്യമായ റിക്രൂട്ട്‌മെന്റുകള്‍ കഴിഞ്ഞ 10 വര്‍ഷമായി വകുപ്പില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാര്‍ക്ക് പ്രയോജനകരമായ എത്രയോ നിക്ഷേപപദ്ധതികളാണ് തപാല്‍ വകുപ്പിലൂടെ നടപ്പാകുന്നത്. കേരളത്തില്‍ സഹകരണസ്ഥാപനങ്ങളില്‍ നിക്ഷേപിച്ച് തട്ടിപ്പിന് ഇരയാവുന്നവര്‍ക്ക് തപാല്‍ വകുപ്പ് സുരക്ഷിതമാണ്. ഉപഭോക്താക്കളുടെ മാത്രമല്ല , തൊഴിലാളികളുടെയും ക്ഷേമം ഉറപ്പാക്കുന്ന നയങ്ങളാണ് തപാല്‍മേഖലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച് പോരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *