കേരള സംഗീത നാടക അക്കാദമി അംഗമായ രാജ്‌മോഹന്‍ നീലേശ്വരം അക്കാദമി ദ്വൈമാസികയായ കേളിയുടെ പത്രാധിപ സമിതി അംഗവുമാണ്. നീലേശ്വരം രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, പയ്യന്നൂര്‍ കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം 32 വര്‍ഷത്തോളം കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്ററി സ്‌കൂളില്‍ അധ്യാപകനായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കെ രചിച്ച എലിയെ കൊല്ലാന്‍ തമ്പുരാന്‍ ഇല്ലം ചുടട്ടെ എന്ന നാടകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. വിവാദങ്ങള്‍ സൃഷ്ടിച്ച മാറ്റിവച്ച തലകള്‍ എന്ന നാടകം സംസ്ഥാന തലത്തില്‍ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. വിവിധ റേഡിയോ നിലയങ്ങള്‍ക്കും സ്‌കൂള്‍, കോളേജ് കലോത്സവ വേദികള്‍ക്കും വേണ്ടി നാടകങ്ങള്‍ എഴുതി. നാടക രചനയിലെ മികവിന് കേരള സാഹിത്യ അക്കാദമി, അബുദാബി ശക്തി, ജോസഫ് മുണ്ടശ്ശേരി, പി.ജെ. ആന്റണി ദേശീയ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്, പി.എം. താജ് പുരസ്‌കാരം എന്നിവ നേടി. പ്രസിദ്ധീകരിച്ച 8 നാടക സമാഹാരങ്ങളിലായി അറുപതോളം നാടകങ്ങള്‍ ഉണ്ട്. കുടുംബ സമേതം പയ്യന്നൂരിലാണ് ഇപ്പോള്‍ താമസിക്കുന്നത്. സഹകരണ വകുപ്പില്‍ ഓഡിറ്റര്‍ ആയ സീമാഭായിയാണ് ഭാര്യ. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല – കുസാറ്റ് വിദ്യാര്‍ത്ഥിനി സങ്കീര്‍ത്തന, അധ്യാപക പരിശീലനം നേടിയ ഋഷികേശ് എന്നിവര്‍ മക്കളാണ്. ജൂലൈ 28 ന് ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് പടിഞ്ഞാറ്റംകൊഴുവല്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കെ.എം. ജോസ് അനുസ്മരണത്തില്‍ സിനിമാ താരം സന്തോഷ് കീഴാറ്റൂര്‍ എന്‍ഡോവ്‌മെന്റ് സമ്മാനിക്കും. സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ സംവിധായകന്‍ വി.ശശി നീലേശ്വരത്തെയും കീഴാറ്റൂര്‍ ആദരിക്കും. തണല്‍ പ്രതിഭ പുരസ്‌കാരങ്ങളും ചടങ്ങില്‍ സമ്മാനിക്കും. വിവിധ മേഖലകളിലെ ഉന്നതവിജയികള്‍ക്ക് അനുമോദനവുമുണ്ടാകും.