കാര്‍വാര്‍; മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ എട്ടാം ദിവസത്തിലേക്കു കടക്കുമ്‌ബോള്‍ പ്രതീക്ഷയുടെ സൂചനകള്‍.തീരത്തുനിന്നു 40 മീറ്റര്‍ മാറി പുഴയില്‍ 8 മീറ്റര്‍ ആഴത്തില്‍ ഒരു വസ്തുവിന്റെ സിഗ്‌നല്‍ ലഭിച്ചതായാണു വിവരം. ഈ ഭാഗത്ത് ഇന്നു നാവികസേന തിരച്ചില്‍ നടത്തും. തിരച്ചിലിനായി കൂടുതല്‍ സേനയും ഉപകരണങ്ങളും ഇന്നെത്തും.16ന് രാവിലെ 8.30ന് ആണ് ഷിരൂര്‍ കുന്നില്‍നിന്നു റോഡിലേക്കും പുഴയിലേക്കും മണ്ണിടിഞ്ഞത്. കുന്നിടിഞ്ഞുവീണ മണ്ണിനൊപ്പം അര്‍ജുനും ലോറിയും പുഴയിലേക്കു വീണിരിക്കാമെന്ന സാധ്യതയിലാണ് തിരച്ചില്‍. 25 അടിയിലേറെ ആഴമുള്ള പുഴയില്‍ ലോറി മണ്ണുമൂടി കിടപ്പുണ്ടാവാം. പുഴയില്‍വീണ ലോറി ഒഴുകിപ്പോകാനുള്ള സാധ്യതയുമുണ്ട്. അപകടത്തില്‍പെട്ട പാചകവാതക ടാങ്കര്‍ലോറി അപകടസ്ഥലത്തുനിന്ന് 7 കിലോമീറ്റര്‍ മാറി പുഴയില്‍നിന്നാണു കിട്ടിയത്. അതിശക്തമായ കുത്തൊഴുക്കാണു തിരച്ചിലിനു തടസ്സമാകുന്നത്.കേരളത്തില്‍ നിന്നെത്തിയ രക്ഷാപ്രവര്‍ത്തകരെ സേനയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് സ്ഥലത്തുനിന്നു മാറ്റി. അര്‍ജുന്‍ ഓടിച്ച ലോറിയുടെ എന്‍ജിന്‍ അപകടത്തിന്റെ പിറ്റേന്ന് സ്റ്റാര്‍ട്ടായതായി ജിപിഎസില്‍ കണ്ടെത്തിയിട്ടില്ലെന്നും അത്തരം പ്രചാരണത്തില്‍ വാസ്തവമില്ലെന്നും ലോറി ഉടമ മനാഫ് പറഞ്ഞു.