പാലക്കുന്ന് : സ്വയം തൊഴില്‍ കണ്ടെത്തി അതിലൂടെ വരുമാനമുണ്ടാക്കാന്‍ പാലക്കുന്ന് ബ്രദേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് വനിതാ വിഭാഗം പരിശീലന ക്ലാസ് നടത്തി.’സാരി ഡ്രാപ്പിംഗ് ആന്‍ഡ് ബോക്‌സ് ഫോല്‍ഡിങ്’ പരിശീലനമാണ് പാലക്കുന്നിലെ ബ്രദേഴ്‌സ് ക്ലബ് ഹാളില്‍ നടന്നത്. പരസഹായമില്ലാതെ സാരി ധരിക്കാന്‍ പാകത്തില്‍ മടക്കുകള്‍ കൃത്യമായി മുന്‍കൂട്ടി ഒരുക്കുന്നതാണ് പരിശീലനം. സാരിയുമായി വരുന്നവരുടെ ശരീര രൂപത്തിനനുസരിച്ച് അത് കൃത്യമായി ഫോള്‍ഡ് ചെയ്ത് ഇസ്തിയുമിട്ട് നല്‍കും. ഒരു സാരി ഈ വിധം ഒരുക്കി നല്‍കുന്നതിന് 400 രൂപ വരെയാണത്രെ പ്രതിഫലം. ഇതില്‍ ദീര്‍ഘകാലമായി പരിചയവും അതിനായി ഷോപ്പുമുള്ള ഷീബാ സുരേഷാണ് പരിശീലക. ഭര്‍ത്താക്കന്മാര്‍ ജോലിയ്ക്ക് പോയിക്കഴിഞ്ഞാല്‍ വീട്ടിലെ വിരസത അകറ്റാനും അതിലുപരി ഒരു വരുമാനമാര്‍ഗവുമാണ് സാരി ഡ്രാപ്പിംഗ് ആന്‍ഡ് ബോക്‌സ് ഫോല്‍ഡിങ് എന്നറിയപ്പെടുന്ന ഈ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വനിതാ വിംഗ് ഭാരവാഹികളായ ലതിക സുരേന്ദ്രന്‍, അഞ്ജലി അശോകന്‍, ജ്യോതി സുനില്‍, നിമിഷ മണികണ്ഠന്‍, പ്രഭ സതീശന്‍, സുമ സുഹാസ്, സന്ധ്യാ സുകേഷ്, അനിത ജയാനന്ദന്‍,പദ്മിനി രമേശന്‍ എന്നിവര്‍ പറഞ്ഞു. ബ്രദേഴ്‌സ് ക്ലബ്ബിന്റെ കീഴില്‍ രണ്ട് മാസം മുന്‍പ് നിലവില്‍ വന്ന വനിതാ വിഭാഗത്തിന്റെ ആദ്യ സംരംഭമാണിത്.