അമ്മയെയും മാതൃരാജ്യത്തെയും മറക്കരുത്- ഡോ. ഫെലിക്‌സ് ബാസ്റ്റ്

രാജപുരം: ഉന്നത വിദ്യാഭ്യാസം മികച്ച രീതിയില്‍ ആര്‍ജിക്കുന്നതിലൂടെ മാതൃരാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ വിദ്യാസമ്പന്നര്‍ തയ്യാറാകണമെന്നും, അവസരങ്ങള്‍ തേടി വരുവാന്‍ കാത്തു നില്‍ക്കാതെ അവസരങ്ങളെ തേടിപ്പോകുവാന്‍ വിദ്യാര്‍ഥികള്‍ തയ്യാറാകണമെന്നും ഇന്ത്യയുടെ അന്റാര്‍ട്ടിക് പര്യവേഷണ ഗവേഷണ ദൗത്യത്തിന് നേതൃത്വം വഹിച്ച മലയാളിയായ പഞ്ചാബ് സര്‍വകലാശാല പ്രൊഫസര്‍ ഡോ. ഫെലിക്‌സ് ബാസ്റ്റ്. രാജപുരം സെന്റ് പയസ് ടെന്ത് കോളേജില്‍ പ്രഥമ നാലുവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെലിക്‌സ് ബാസ്റ്റിനെ പോലെയുള്ള പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവരുന്ന ശ്രദ്ധേയമായ ഗവേഷണങ്ങള്‍ ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും ഗണ്യമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നു എന്നുള്ളത് അഭിമാനകരം എന്ന് പ്രിന്‍സിപ്പാള്‍ ഡോ. ബിജു ജോസഫ് പറഞ്ഞു. ഇന്ത്യയുടെ അന്റാര്‍ട്ടിക് പര്യവേഷണ ഗവേഷക ടീമിനെ നയിച്ച മലയാളിയായ പഞ്ചാബ് സര്‍വകലാശാല പ്രൊഫസര്‍ ഡോ. ഫെലിക്‌സ് ബാസ്റ്റ് മേരി ക്യൂറി ഗവേഷണ ഫലോഷിപ്പ് നേടിയ ജെസ്വിന്‍ ജിജിയെ ഓറിയന്റേഷന്‍ പ്രോഗ്രാമിന്റെ വേദിയില്‍ ആദരിക്കുകയും ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ബിജു ജോസഫ്, ഐഇഡിസി കോഡിനേറ്റര്‍ ഡോ. സിജി സിറിയക് എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *