രാജപുരം: ബഷീര്‍ കൃതികളില്‍ തങ്ങള്‍ വായിച്ചാസ്വദിച്ച കഥാപാത്രങ്ങള്‍ ജീവന്‍ തുടിക്കുന്ന ചിത്രങ്ങളായി കണ്‍മുന്നില്‍ വന്നപ്പോള്‍ കുട്ടികള്‍ക്ക് വിസ്മയം! ബഷീര്‍ ദിനാചരണത്തിന്റെ ഭാഗമായി കോടോത്ത് അംബേദ്ക്കര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ഭാഗമായാണ് ബഷീറിന്റെ തൂലികയില്‍ വിരിഞ്ഞ കഥാപാത്രങ്ങളുടെ പ്രദര്‍ശനവും നടന്നത്. മജീദും പാത്തുമ്മയും ഒറ്റക്കണ്ണന്‍ പോക്കറും മണ്ടന്‍ മൂത്തപ്പയും ,സൈനബയും, എട്ടുകാലി മമ്മൂഞ്ഞുമെല്ലാം നിശബ്ദമായി തങ്ങളോട് സംവദിച്ചത് കുട്ടികള്‍ക്ക് നവ്യാനുഭവമായി. സ്‌കൂളിലെ ചിത്രകലാ അധ്യാപകന്‍ ബിനു ടി.കെ ആണ് കഥാപാത്രങ്ങള്‍ക്ക് ചിത്രരൂപം നല്‍കിയത്. ഇതിന്റെ ഭാഗമായി ബഷീര്‍ കൃതികളുടെ രംഗാവിഷ്‌ക്കാരവും നടന്നു.
സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ. അശോകന്‍, വിദ്യാരംഗം കണ്‍വീനര്‍ അബ്ദുള്‍ റഹീം കെ ടി കെ , സീനിയര്‍ അസിറ്റന്റ് പ്രശാന്ത് പി.ജി, പ്രസീജ പി , കെ.വി. മനോജ് കുമാര്‍, ജനാര്‍ദ്ദനന്‍ കെ, വിജിത വി.വി തുടങ്ങിയവര്‍ സംസാരിച്ചു.