പൈപ്പ് പൊട്ടി ഒരു മാസത്തിലേറെയായി കുടിവെള്ളം പാഴാകുന്നു; പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍

പാലക്കുന്ന് : കുടിവെള്ളം ഒഴുകുന്ന പൈപ്പ് പൊട്ടിയിട്ട് ഒരുമാസത്തിലേറെയായെന്ന് നാട്ടുകാര്‍.ജല അതോറിട്ടിയുടെ കീഴിലുള്ള ബിആര്‍ഡിസി കുടിവെള്ള വാഹിനി കുഴള്‍ പൊട്ടിയാണ് കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള സംസ്ഥാന പാതയോരത്ത് (മുമ്പത്തെ കെഎസ്ടിപി) പാലക്കുന്ന് ടൗണില്‍ വെള്ളം ഒഴുകി പാഴാകുന്നത്. ഇന്നോ ഇന്നലയോ അല്ല, വെള്ളം കടകള്‍ക്ക് മുന്നിലൂടെ ഒഴുകി പാഴായി പോകുന്നത് ഒരു മാസത്തിലേറെയായത്രേ. വിവരം ഉടനെ തന്നെ കാഞ്ഞങ്ങാട്ടെ ജല അതോറിട്ടി ഓഫീസില്‍ വിളിച്ചു പറഞ്ഞിരുന്നു വെന്നും രണ്ടാഴ്ചയായിട്ടും ചോര്‍ച്ച പരിഹരിക്കാന്‍ ആളെത്തതിനാല്‍ ഏതാനും ദിവസം മുന്‍പ് വീണ്ടും വിളിച്ചിട്ടും അവര്‍ക്ക് ഒരു കുലുക്കവുമില്ലെന്ന് കരിമ്പിന്‍ ജ്യുസ് കട ഉടമയായ സതീശന്‍ പറഞ്ഞു. കടകളുടെ മുന്‍പില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കടയില്‍ കയറാനും ആളുകള്‍ മടിക്കുന്നുവെന്നാണ് സതീശനും സഫര്‍ ട്രാവല്‍സിലെ മുരളിയും അമ്മ ഫാന്‍സി കടയിലെ രഞ്ജിത്തും മറ്റു കടക്കാരും പറയുന്നത്. മഴക്കാലമായതിനാല്‍ പൊതുവെ ജലക്ഷാമം അനുഭവപ്പെടുന്നില്ലെങ്കിലും പൈപ്പ് പൊട്ടിയതിലൂടെയുള്ള ജലചോര്‍ച്ച വീടുകളിലെക്കുള്ള ജലവിതരണത്തെ സരമായി ബാധിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.ചോര്‍ച്ച പരിഹരിക്കാതെ ഒരുമാസത്തിലേറെയായി വെള്ളം പമ്പ് ചെയ്ത് പാഴാക്കുന്നത് എന്തിനാണെന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടവര്‍ മൗനത്തിലുമാണ്.

Leave a Reply

Your email address will not be published. Required fields are marked *