യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഫയലില്‍ ഭദ്രമാണ്. അറിവിനും കുറവില്ല. പക്ഷേ, ഇന്റര്‍വ്യൂ ബോര്‍ഡിന് മുന്നിലെത്തുമ്പോള്‍ പലരുടെയും ആത്മവിശ്വാസം ചോര്‍ന്നുപോകുന്നത് ഒരൊറ്റ കാര്യത്തിന്റെ മുന്നിലാണ് – ഇംഗ്ലീഷ്. ഈ പതിവ് രീതി മാറ്റിയെഴുതാനും, മക്കളുടെ പഠനത്തിന് വീട്ടിലൊരു കൈത്താങ്ങാകാനും തയ്യാറെടുക്കുകയാണ് ജില്ലയിലെ ഒരുകൂട്ടം അമ്മമാര്‍. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലാപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ജില്ലയില്‍ പുതിയൊരു അക്ഷര വിപ്ലവത്തിന് തിരിതെളിക്കുന്ന ‘അമ്മട്ടീച്ചര്‍’ എന്ന നൂതന പദ്ധതി ഒരുക്കുന്നത്.
സ്‌കൂളില്‍ നിന്നും ലഭിക്കുന്ന അറിവിന് വീട്ടില്‍ നിന്നും നല്‍കുന്ന പിന്തുണയാണ് കുട്ടികള്‍ക്ക് ആവശ്യം. ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ അടിത്തറയുണ്ടായാല്‍, ഇംഗ്ലീഷിലുള്ള ആശയ വിനിമയവും അനായസമാകും. ഇവിടെയാണ് ‘അമ്മട്ടീച്ചര്‍’ പ്രസക്തമാകുന്നത്. കുട്ടികള്‍ സ്‌കൂളില്‍ പഠിക്കുന്ന കാര്യങ്ങള്‍ വീട്ടില്‍ വെച്ച് പറഞ്ഞു കൊടുക്കാനും, അവരോട് ലളിതമായ ഇംഗ്ലീഷില്‍ സംസാരിക്കാനും അമ്മമാരെ പ്രാപ്തരാക്കുകയാണ് പദ്ധതിയിലൂടെ. ജില്ലയിലെ എല്ലാ വീടുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. മാതൃഭാഷ അനായാസം കൈകാര്യം ചെയ്യുന്ന കുട്ടികള്‍ക്ക് ഇംഗ്ലീഷിലെ ബാലപാഠങ്ങള്‍ അമ്മമാരിലൂടെ തന്നെ പകര്‍ന്നു നല്‍കുക വഴി അവരുടെ പഠന വളര്‍ച്ചയിലെ തളര്‍ച്ച മാറ്റിയെടുക്കാനും കഴിയും. സമകാലിക ഡിജിറ്റല്‍ ലോകത്തെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ഉപയോഗിക്കാനും ഇംഗ്ലീഷ് പരിജ്ഞാനം സഹായിക്കും. ഇംഗ്ലീഷ് ഭാഷാവൈദഗ്ദ്ധ്യം വ്യക്തിപരമായ വളര്‍ച്ചയ്ക്കും പുതിയ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുന്നതിനും പ്രയോജനപ്പെടും.