കാഞ്ഞങ്ങാട്: പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉടനീളം ഹൈമാസ് ലൈറ്റ് സ്ഥാപിച്ചതില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അഴിമതി നടത്തിയെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എം.പിയുടെ കാഞ്ഞങ്ങാട് മാതോത്തുള്ള വസതിയിലേക്ക് മാര്‍ച്ച് നടത്തി. കൊവ്വല്‍ പള്ളിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് എം.പിയുടെ വസതിക്ക് മുന്നില്‍ പോലീസ് ബാരിക്കേഡ് ഉയര്‍ത്തി തടഞ്ഞു. തുടര്‍ന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്മാന്‍ ഉണ്ണിത്താന്‍ എം.പി ഹൈമാസ് ലൈറ്റ് സ്ഥാപിച്ചതില്‍ അഴിമതി നടത്തിയെന്നു പറയുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ തന്നെ ഉള്ളവരാണെന്നും അതുകൊണ്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരു ആരോപണം മാത്രമായി ഇത് തള്ളിക്കളയാനാവില്ല എന്നും രജീഷ് വെള്ളാട്ട് പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് ഷാലു മാത്യു അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി വി. ഗിനീഷ് സ്വാഗതം പറഞ്ഞു. മാര്‍ച്ചിലും എം.പിയുടെ വസതിക്ക് മുന്നില്‍ നടന്ന സമരത്തിലും നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.