പെരിയ : ആര്‍ട്ടിക്കിലെ അഥവാ ഉത്തരധ്രുവത്തിലെ മഞ്ഞുപാളികളെ പറ്റി കൂടുതല്‍ കാര്യങ്ങള്‍ അറിയാനുള്ള ശ്രമത്തിലാണ് ഒരുകൂട്ടം ഭൗമ ശാസ്ത്രജ്ഞര്‍. ഇതിനായി അവര്‍ ആര്‍ട്ടിക് സമുദ്രത്തിന്റെ അടിത്തട്ടിലെ മണ്ണും പാറക്കല്ലുകളും ഖനനം ചെയ്യുന്ന പ്രവര്‍ത്തി ആരംഭിച്ചിരിക്കുകയാണ്. ഈ സംഘത്തില്‍ മലയാളക്കരയുടെ അഭിമാനമായി ഒരു കാസര്‍കോട്ടുകാരനും ഉണ്ട്.പെരിയ കേരള കേന്ദ്ര സര്‍വകലാശാലയിലെ ജിയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറും കാറടുക്ക സ്വദേശിയുമായ ഡോക്ടര്‍ എ.വി. സിജിന്‍ കുമാര്‍. സംഘത്തിലെ ഏക ഇന്ത്യന്‍ പ്രതിനിധി കൂടിയാണ് സിജിന്‍ കുമാര്‍. അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി, ജപ്പാന്‍ ചൈന തുടങ്ങിയ 17 രാജ്യങ്ങളിലെ ശാസ്ത്രജ്ഞരാണ് അമേരിക്കയിലെ നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്റെ സഹായത്തോടെ ഈ പദ്ധതിയുമായി ഉത്തര ധ്രുവത്തില്‍ എത്തിയത്. ജോയ്ഡസ് റെസലൂഷന്‍ പര്യവേഷണ കപ്പലിലെ ലാബില്‍ നിന്നും ഡോക്ടര്‍ എ. വി. സിജിന്‍ കുമാര്‍ പെരിയ ചെര്‍ക്കാ പാറയിലെ ദി ഗാര്‍ഡിയന്‍സ് ഇംഗ്ലീഷ് സ്‌കൂളിലെ കുട്ടികളുമായി സംവദിച്ചു. അദ്ദേഹം കുട്ടികള്‍ക്ക് അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും പര്യവേഷണ കപ്പലിലെ ഉപകരണങ്ങളെ കുറിച്ചും വ്യക്തമായ വിശദീകരണങ്ങള്‍ നല്‍കുകയും തന്റെ സഹപ്രവര്‍ത്തകരുമായി ആശയ വിനിമയം ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടാക്കുകയും ചെയ്തു. കൂടാതെകുട്ടികളും അധ്യാപകരും ഉന്നയിച്ച വിവിധ ചോദ്യങ്ങള്‍ക്ക് ഡോക്ടര്‍ സിജിന്‍ കുമാര്‍ കൃത്യമായ മറുപടിയും നല്‍കി.ഇവിടെ നിന്നും ശേഖരിക്കുന്ന സാമ്പിളുകളില്‍ നിന്ന് പാറയുടെ ഘടന വിലയിരുത്തുകയും ഫോസിലുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുമെന്നും 7 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആര്‍ട്ടിക്കിലെ കാലാവസ്ഥ എങ്ങനെയായിരുന്നു എന്നും കാലക്രമേണ സംഭവിച്ച മാറ്റങ്ങള്‍ എന്താണെന്ന് വിലയിരുത്തുകയും ചെയ്യുമെന്നും ഉത്തര അറ്റ്‌ലാന്‍ഡിക് സമുദ്രത്തിനുള്ള ഉഷ്ണജല പ്രവാഹത്തിന്റെ ശക്തിയും ദൗര്‍ബല്യവും പഠിക്കുമെന്നും കുട്ടികളുമായി സംവദിച്ചുകൊണ്ട് ഡോക്ടര്‍ സിജിന്‍ കുമാര്‍ പറഞ്ഞു. ഡോക്ടര്‍ സിജിനുമായുള്ള സംവാദം ഏറെ വിജ്ഞാനപ്രദവും കൗതുകവും ഉളവാക്കുന്നതായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ പൂനം സിങ്ങും സ്‌കൂള്‍ ഹെഡ്‌ബോയി മുഹമ്മദ് ബിന്‍ മൊയ്തീനും അഭിപ്രായപ്പെട്ടു. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയും ഡോക്ടര്‍ സിജിന്റെ മകനുമായ അനിരുദ് സിജിനും അച്ഛന്റെ ഈ നേട്ടത്തില്‍ അഭിമാനം കൊള്ളുന്നു എന്നും പിതാവ് തന്റെ സ്‌കൂളിലെ കുട്ടികളുമായി സംവദിച്ചത് അഭിമാനകരമാണെന്നും പറഞ്ഞു.