വര്‍ഷങ്ങള്‍ നീണ്ട കുടിപ്പക സുഹൃത്തിനെ കൊന്ന പ്രതിയെ വീട്ടില്‍ക്കയറി വെട്ടിക്കൊല്ലാന്‍ ശ്രമം വര്‍ക്കലയില്‍ രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരം: കൊലപാതകക്കേസുകളുമായി ബന്ധപ്പെട്ട മുന്‍വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ വീട്ടില്‍ അതിക്രമിച്ചുകയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. വെന്നിക്കോട് സ്വദേശി പടക്കം പ്രദീപ് എന്ന പ്രദീപ് (37), കാറാത്തല സ്വദേശി കിരണ്‍ദാസ് (37) എന്നിവരാണ് പിടിയിലായത്. വര്‍ക്കല കാറാത്തല ലക്ഷംവീട് കോളനിയിലെ അജീഷ് (37) എന്ന യുവാവിന് നേരെയാണ് വധശ്രമമുണ്ടായത്.

വെട്ടുകത്തിയടക്കമുള്ള മാരകായുധങ്ങളുമായി അജീഷിന്റെ വീട്ടിലെത്തിയ പ്രതികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വധഭീഷണി മുഴക്കി. ബഹളം കേട്ട് പുറത്തിറങ്ങിയ അജീഷിന്റെ തലയ്ക്ക് നേരെ പ്രദീപ് വെട്ടുകത്തി വീശിയെങ്കിലും അജീഷ് സമയോചിതമായി മുന്‍വാതില്‍ അടച്ചതിനാല്‍ വെട്ട് വാതിലില്‍ പതിക്കുകയായിരുന്നു. തുടര്‍ന്ന് അടുക്കളവാതില്‍ വഴി ഓടി രക്ഷപ്പെട്ട അജീഷ് സമീപത്തെ കുടുംബവീട്ടിലെ മുറിയില്‍ കയറി വാതിലടച്ചാണ് അക്രമികളില്‍ നിന്ന് ജീവന്‍ രക്ഷിച്ചത്. അജീഷിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതികളെ വേഗത്തില്‍ തന്നെ കസ്റ്റഡിയിലെടുത്തു.

പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് വര്‍ഷങ്ങള്‍ നീണ്ട പ്രതികാരത്തിന്റെ കഥ പുറത്തുവന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രതികളായ പ്രദീപിന്റെയും കിരണ്‍ദാസിന്റെയും സുഹൃത്തായ ദീപു കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ അജീഷും അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ അജിത്തുമായിരുന്നു പ്രതികള്‍. അന്നുമുതല്‍ പ്രതികള്‍ ഇരുവരെയും കൊലപ്പെടുത്താന്‍ അവസരം പാര്‍ത്തിരിക്കുകയായിരുന്നു. ഇതിനിടെ കഴിഞ്ഞവര്‍ഷം അജീഷ് സ്വന്തം ജ്യേഷ്ഠനും ദീപു വധക്കേസിലെ സഹപ്രതിയുമായ അജിത്തിനെ തേപ്പുകരണ്ടി കൊണ്ട് അടിച്ചു കൊലപ്പെടുത്തി. അജിത്ത് കൊല്ലപ്പെട്ടതോടെ പ്രതികളുടെ പ്രതികാരചിന്ത മുഴുവന്‍ അജീഷിലേക്ക് മാത്രമായി ചുരുങ്ങി. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഇയാളെ ലക്ഷ്യമിട്ട് പ്രതികള്‍ ആയുധങ്ങളുമായെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *