ഇസ്രയേലിന്റെ കൂട്ടക്കുരുതി; 24 മണിക്കൂറിനുള്ളില്‍ പൊലിഞ്ഞത് 101 ജീവനുകള്‍

ഗസ്സ: ഇസ്രായേലിന്റെ ആക്രമണത്തില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 101 ഫലസ്തീനികളാണ്. ഗസ്സയിലെ ശാതി, തൂഫ എന്നിവിടങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ മാത്രം 54 പേര്‍ കൊല്ലപ്പെട്ടു.ഇരുനൂറിലേറെ പേര്‍ക്ക്പരിക്കേറ്റു. നുസൈറത് അഭയാര്‍ഥി ക്യാമ്ബിന് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ സംഖ്യ കൂടിയാണിത്.അല്‍ ശാതി അഭയാര്‍ഥി ക്യാമ്ബില്‍ കനത്ത ഷെല്ലാക്രമണമാണ് സൈന്യം നടത്തിയത്. കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. നിരവധിപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ക്കും ആംബുലന്‍സുകള്‍ക്കും പ്രദേശത്തേക്ക് എത്തിപ്പെടാന്‍ പോലും കഴിഞ്ഞില്ല. ആക്രമണത്തില്‍ ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സേന സ്ഥിരീകരിച്ചു.വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ ക്രൂരത തുടരുകയാണ്. ജനിനില്‍ പരിക്കേറ്റ ഫലസ്തീനി യുവാവിനെ സൈന്യം വാഹനത്തില്‍ കെട്ടിയിട്ട് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.വടക്കന്‍ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ പൗരനെ വെടിയേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. ലബനാനില്‍ പടിഞ്ഞാറന്‍ ബെക്ക ജില്ലയില്‍ ഇസ്രായേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ലബനീസ് പൗരന്‍ കൊല്ലപ്പെട്ടു.അതിനിടെ, ഇസ്രായേല്‍ വിദേശകാര്യ മന്ത്രി കാത് സ് ചര്‍ച്ചക്കായി അമേരിക്കയിലെത്തും. പ്രതിരോധ സഹമന്ത്രി എന്ന ചുമതല കൂടി നല്‍കിയാണ് കാത് സിനെ ഇസ്രായേല്‍ അമേരിക്കക്ക് അയക്കുന്നത്. ഇസ്രായേലിനുള്ള ആയുധസഹായം തുടരുമെന്ന് അമേരിക്ക ആവര്‍ത്തിച്ചു.നെതന്യാഹുവിന്റ രാജി ആവശ്യപ്പെട്ട് ഇസ്രായേല്‍ നഗരങ്ങളില്‍ തുടരുന്ന പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സുരക്ഷാ വിഭാഗം രംഗത്തെത്തി. നിരവധി പേര്‍ അറസ്റ്റിലായി. വടക്കന്‍ അതിര്‍ത്തിയില്‍ അഭയാര്‍ഥികളായി മാറിയ ഇസ്രായേലികള്‍ ജറൂസലമില്‍ റാലി നടത്തി. ചെങ്കടലില്‍ രണ്ട് കപ്പലുകള്‍ കൂടി ആക്രമിച്ചതായി ഹൂതികള്‍. റൂവെല്‍റ്റ് വിമാന വാഹിനി കപ്പല്‍ ഉടന്‍ മേഖലയില്‍ എത്തുമെന്ന് പെന്റഗണ്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *