പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തില്‍ ജീവിത പുസ്തകം തുറന്നു വെച്ച് യുവകവി.പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം വായന പക്ഷാചരണത്തിന്റെ തുടക്കം കുറിച്ച് സംഘടിപ്പിച്ച വായന പൂമഴ പരിപാടിയിലാണ് ഏഴാം തരം മലയാളം പാഠപുസ്തകത്തില്‍ ‘കാട് ആരത് ‘ എന്ന തന്റെ കവിത ഉള്‍പ്പെടുത്തിയതിലൂടെ താരമായി മാറിയ പ്രകാശന്‍ ചെന്തളം കഷ്ടപ്പാടുകള്‍ മാത്രം കൂട്ടിനുണ്ടായിരുന്ന തന്റെ ജീവിതം മാറ്റി മറിച്ചത് വായനയാണെന്ന് തുറന്നു പറഞ്ഞത്.ജീവിത പ്രതിസന്ധികളില്‍ പ്രചോദനമാകാനും ജീവിത രീതി പാകപ്പെടുത്താനും വായന സഹായിച്ച കഥ തനി ഗ്രാമ്യ ഭാഷയിലൂടെ സദസ്സുമായി പങ്കു വെച്ചത് പലപ്പോഴും വികാര നിര്‍ഭരമായ നിമിഷങ്ങള്‍ക്ക് സാക്ഷിയായി.ബളാല്‍ അരീക്കര മലവേട്ടുവര്‍ നഗറിലെ പത്തു സെന്റില്‍ ഒതുങ്ങി പോകുമായിരുന്ന പ്രകാശന്റെ ജീവിതത്തില്‍ പ്രകാശം പരത്തിയത് മഹാന്മാരുടെ ജീവ ചരിത്ര ഗ്രന്ഥങ്ങളും വായിച്ചു തീര്‍ത്ത നൂറുകണക്കിന് നോവലുകളും കഥകളും കവിതകളുമാണ്. ഗോത്ര ഭാഷയിലെ എഴുത്തുകാരെ കണ്ടെത്താന്‍ കിര്‍ത്താഡ്‌സ് കോഴിക്കോട് സംഘടിപ്പിച്ച പത്തു ദിവസത്തെ ക്യാമ്പാണ് ഒമ്പതാം ക്ലാസ് വരെ മാത്രം പഠിച്ച പ്രകാശന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ഇതിനകം മുന്നൂറിലധികം കവിതകള്‍ എഴുതി. കെട്ടുറപ്പില്ലാത്ത കുടിലില്‍ പല കവിതകളുടെയും കയ്യെഴുത്തു പ്രതികള്‍ ചിതല്‍ തിന്ന് നശിച്ചു. ‘ഒച്ചവെച്ച കല്ലുകളേ ‘ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ പച്ചക്കാട് ചിരിക്കണ കണ്ടോ ……. ‘എന്ന സംഗീത ആല്‍ബം പുറത്തിറക്കി. കോട്ടയത്ത് ചിത്രീകരണം പുരോഗമിക്കുന്ന സിനിമയിലെ മൂന്നു ഗാനങ്ങള്‍ രചിച്ചത് പ്രകാശനാണ്. ഹ്രസ്വ ചിത്രങ്ങളുടെ കഥയും തിരക്കഥയും നിര്‍വഹിക്കാന്‍ പല ഭാഗത്തു നിന്നും നിര്‍ബന്ധമുണ്ടെങ്കിലും കടുത്ത ജീവിത പ്രയാസം കൊണ്ട് പല അവസരങ്ങളും നഷ്ടപ്പെട്ടു. വീട്ടില്‍ നിന്ന് ഇരുപത്തിയഞ്ച് കിലോമീറ്റര്‍ അകലെ മൗക്കോട് ഓട്ടപ്പടവിലെ അബ്ദുള്‍ സലാമിന്റെ കൃഷിയിടത്തില്‍ ദിവസ കൂലി ചെയ്താണ് സഹോദരി പ്രസന്നയുടെ വിവാഹം നടത്തിയത്. അച്ഛന്‍ ശങ്കരന്റെയും അമ്മ കുമ്പയുടെ ചികിത്സയും മറ്റു ചെലവുകളും വഹിക്കാന്‍ തന്നെ പ്രയാസപ്പെടു ന്നതിനിടയില്‍ പ്രകാശന് പല വിവാഹ ആലോചനകളും മാറ്റി വെക്കേണ്ടി വന്നു – മുപ്പത്തി രണ്ടു കാരനായ പ്രകാശന്റെ കഥകള്‍ സദസ്സിന് മുന്നില്‍ പെരുമഴ പോലെ പെയ്തിറങ്ങിയപ്പോള്‍ വായന പൂമഴ വേറിട്ട അനുഭവമായി.
ലൈബ്രറി കൗണ്‍സില്‍ സ്റ്റേറ്റ് നിര്‍വാഹക സമിതി അംഗം എം.കെ. രമേശ് കുമാര്‍ വായന പക്ഷാചരണം ഉദ്ഘാടനം ചെയ്തു. പ്രകാശനെ ഷാളണയിച്ച് അനുമോദിച്ചു. കൂക്കാനം റഹ്മാന്‍ പി. എന്‍. പണിക്കര്‍ അനുസ്മരണം നടത്തി. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൊടക്കാട് നാരായണന്‍ സംസാരിച്ചു. ശശിധരന്‍ ആലപ്പടമ്പന്‍ അധ്യക്ഷനായി.