കാസര്‍കോട് സാരിയുടെ പ്രൗഢി വീണ്ടെടുക്കും; വിപണിയ്ക്ക് പുതുജീവന്‍ നല്‍കാന്‍ പദ്ധതി കാസര്‍കോട് വികസന പാക്കേജില്‍ രൂപം നല്‍കും

ഭൗമ സൂചിക പദവി ലഭിച്ച ഇന്ത്യന്‍ കൈത്തറി ബ്രാന്‍ഡായ കാസര്‍കോടിന്റെ സ്വന്തം ഉല്‍പന്നം – കാസര്‍കോട് സാരിയുടെ വിപണി’കൂടുതല്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും ജില്ലയില്‍ വരുന്ന വിനോദസഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നതിനും ലക്ഷ്യമിട്ട് ജില്ലാ ഭരണ സംവിധാനം നൂതന പദ്ധതി തയ്യാറാക്കുന്നു ഇതിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ കാസര്‍കോട് സാരീസ് ഉല്‍പാദിപ്പിക്കുന്ന ഉദയഗിരിയിലെ കാസര്‍കോട് വീവേഴ്സ് കോഓപ്പറേറ്റീവ് പ്രൊഡക്ഷന്‍ ആന്‍ഡ് സെയില്‍ സൊസൈറ്റി ലിമിറ്റഡ് കേന്ദ്രം സന്ദര്‍ശിച്ചു കാസര്‍ഗോഡ് വികസന പാക്കേജ് ഓഫീസര്‍ വിചന്ദ്രന്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീകുമാര്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ലിജോ ജോസഫ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ എന്നിവര്‍ യില്ലാ കളക്ടറോടൊപ്പമുണ്ടായിരുന്നു സൊസൈറ്റി പ്രസിഡണ്ട് മാധവ ഹെരള സെക്രട്ടറി ബി.എം. അനിത വൈസ് പ്രസിഡണ്ട് ചന്ദ്രഹാസ ഡയറക്ടര്‍മാരായ ദിവാകരന്‍, രാമചന്ദ്ര, ദാമോദര , ഗംഗമ്മ എന്നിവരും തൊഴിലാളികളുമായും ജില്ലാകളക്ടര്‍ സംസാരിച്ചു.കാസര്‍കോട് സാരീസ് നിലവില്‍ നാശോന്മുഖമാവുകയാണെന്നും സര്‍ക്കാറിന്റെ വിവിധ തലങ്ങളിലുള്ള സഹായം അനിവാര്യമാണെന്നും ഭാരവാഹികള്‍ പറഞ്ഞു. 1938 ല്‍ സ്ഥാപിച്ച സൊസൈറ്റിയാണ്.. 600 തൊഴിലാളികള്‍ വരെ പ്രവര്‍ത്തിച്ചിരുന്ന ഇവിടെ നിലവില്‍ 25 സ്ത്രീകളും പത്ത് പുരുഷന്മാരും ഉള്‍പ്പടെ 35 വിദഗ്ധതൊഴിലാളികള്‍ ആണ് തൊഴില്‍ ചെയ്യുന്നത് വിദഗ്ദ തൊഴിലാളികള്‍ ഈ മേഖലയില്‍ കുറയുകയാണ്. യുവജനങ്ങള്‍ ഈ രംഗത്ത് കടന്നു വരുന്നില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു കാസര്‍കോട് സാരിക്കു പുറമേ യൂനിഫോം മെറ്റീരിയല്‍, ബെഡ്ഷീറ്റ് ബാത്ത്‌റൂം ടവ്വല്‍ ലുങ്കി തുടങ്ങിയവയും നെയ്യുന്നുണ്ട്.വിനോദ സഞ്ചാര മേഖലയുമായി ബന്ധിപ്പിച്ച് വിപണി കണ്ടെത്തി ഉല്‍പ്പാദനം കൂട്ടുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. വിശദമായ യോഗം വിളിച്ചു ചേര്‍ക്കുന്നതിന് ഡി ടി പി സി സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കി. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് സാരീസിന്റെ പ്രൗഢി വീണ്ടെടുക്കുന്നതിനുള്ള നൂതന പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ ഈ മേഖലയിലെ വിദഗ്ധരുമായി ചര്‍ച്ച നടത്തുമെന്ന് കളക്ടര്‍ പറഞ്ഞു.കാസര്‍കോട്ജില്ലയിലെ മാത്രം നെയ്ത്തുകാര്‍ നിര്‍മ്മിക്കുന്ന പരമ്പരാഗത കോട്ടണ്‍ സാരിയാണ് കാസര്‍കോട് സാരി. അവ കൈകൊണ്ട് നിര്‍മ്മിക്കുന്നവയാണ് പ്രത്യേക മോടിയുള്ളതുമാണ്. പരമ്പരാഗത കേരള സാരിയില്‍ നിന്ന് വ്യത്യസ്തമായ കരാവലി ശൈലിയുടെ സ്വാധീനം പ്രകടമാക്കുന്നു.. കാസര്‍കോട് സാരി നെയ്ത്ത് പാരമ്പര്യത്തിന്റെ ഉത്ഭവം പതിനെട്ടാം നൂറ്റാണ്ടിലേതാണ്. കേരളത്തില്‍ നിലവിലുള്ള നാല് നെയ്ത്തുപാരമ്പര്യങ്ങളില്‍ ഒന്നാണിത്. ബാലരാമപുരം, കുത്താമ്പള്ളി, ചേന്ദമംഗലം എന്നിവയാണ് മറ്റുള്ളവ.സാധാരണയായി ചായം പൂശിയ കോട്ടണ്‍ നൂലുകള്‍ ഉപയോഗിച്ച് പ്ലെയിന്‍ അല്ലെങ്കില്‍ വരയുള്ള സാരികളാണ് നെയ്‌തെടുക്കുന്നത്. . ജാക്കാര്‍ഡ് അല്ലെങ്കില്‍ ഡോബി ടെക്‌നിക്കുകള്‍ ഉപയോഗിച്ച് കൈകൊണ്ട് നിര്‍മ്മിച്ച ബോര്‍ഡറുകള്‍ വളരെ ആകര്‍ഷകമാണ്.ഈ സാരികള്‍ 60 മുതല്‍ 100 വരെയുള്ള ഉയര്‍ന്ന ത്രെഡ് കൗണ്ട് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. 1938-ല്‍ സ്ഥാപിതമായ കാസര്‍കോട് വീവേഴ്സ് കോഓപ്പറേറ്റീവ് പ്രൊഡക്ഷന്‍ ആന്‍ഡ് സെയില്‍ സൊസൈറ്റി ലിമിറ്റഡ് കാസര്‍കോട് സാരി ഉത്പാദിപ്പിച്ച് വിപണനം ചെയ്തും നെയ്ത്ത് പരിശീലനം നല്‍കിയും ഈ പാരമ്പര്യം നിലനിര്‍ത്തുന്നു. നിത്യോപയോഗത്തിനും ഉടുക്കുന്നതിനും അനുയോജ്യമായതിനാല്‍ ഈ സാരികള്‍ക്ക് സ്ഥിരമായ ആവശ്യക്കാര്‍ ഏറെയുണ്ട്.
ഭൗമ സൂചിക പദവി (രജിസ്റ്റേഡ്ജിയോഗ്രാഫിക്കല്‍ ഇന്‍ഡിക്കേഷന്‍ പ്രൊഡക്ട് ) 2009ല്‍ കാസര്‍കോട് സാരികള്‍ക്ക് ഭൗമസൂചിക ഉല്പന്നമായി പ്രഖ്യാപിക്കുന്നതിന്ന് കേരള സര്‍ക്കാര്‍ അപേക്ഷിച്ചു. 2010 മുതല്‍ ഇന്ത്യാ ഗവണ്‍മെന്റ് ഇതിനെ ഒരു ഭൗമസൂചിക പദവിയുള്ള ഉല്‍പന്നമായി അംഗീകരിച്ചു. നിലവില്‍ ഇന്ത്യന്‍ ഹാന്‍ഡ്‌ലും ബ്രാന്‍ഡും കേരള ഹാന്‍ഡ്‌ലും ബ്രാന്‍ഡ് മുദ്രകളുള്ള ഉല്‍പന്നമാണ് കാസര്‍കോട് സാരീസ്.

Leave a Reply

Your email address will not be published. Required fields are marked *