രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ മാത്രമല്ല, രാജ്യങ്ങള്‍ക്കകത്ത് നടക്കുന്ന പലവിധ പോരാട്ടങ്ങളും യുദ്ധത്തിന്റെ ഗണത്തില്‍ പെടുത്തേണ്ടതാണെന്ന് പ്രശസ്ത കവി പി എന്‍ ഗോപീകൃഷ്ണന്‍

നീലേശ്വരം: രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ മാത്രമല്ല, രാജ്യങ്ങള്‍ക്കകത്ത് നടക്കുന്ന പലവിധ പോരാട്ടങ്ങളും യുദ്ധത്തിന്റെ ഗണത്തില്‍ പെടുത്തേണ്ടതാണെന്ന് പ്രശസ്ത കവി പി എന്‍ ഗോപീകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. വെറുപ്പിന്റെ കറുത്ത അന്തരീക്ഷം നിറഞ്ഞ ലോകം യുദ്ധസമാനമായ പ്രതീതിയാണ് നമുക്ക് പ്രദാനം ചെയ്യുന്നത്. ഇന്ത്യയില്‍ പകല്‍ വെളിച്ചത്തില്‍ ഭീകരമായ കുറ്റകൃത്യം ചെയ്തവര്‍ അധികാരത്തിന്റെ ഉന്നതശ്രേണികളിലെത്തിയപ്പോള്‍ തകര്‍ന്നു വീണത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തൂണുകള്‍ തന്നെയാണ്. കൊടും കുറ്റവാളികള്‍ വിശുദ്ധരാക്കപ്പെടുന്ന അവസ്ഥ നാം കാണാതിരുന്നു കൂടാ – അദ്ദേഹം പറഞ്ഞു.ജില്ല ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ‘യുദ്ധം വാഴുന്ന ഭൂമി ‘ എന്ന വിഷയത്തില്‍ നടന്ന ജില്ല സെമിനാര്‍ വിഷയാവതരണം നടത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗോപീകൃഷ്ണന്‍. കോട്ടപ്പുറം നഗരസഭ ഹാളില്‍ നടന്ന സെമിനാറില്‍ ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി ദിലീപ്കുമാര്‍ അധ്യക്ഷനായിരുന്നു. ജില്ലാതല വായനമത്സര വിജയികള്‍ക്ക് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സി. മെമ്പര്‍ പി വി കെ പനയാല്‍ സമ്മാനദാനം നടത്തി.ഓടക്കുഴല്‍ അവാര്‍ഡ് ജേതാവ് ഇ പി രാജഗോപാലന്‍, കവി ദിവാകരന്‍ വിഷ്ണുമംഗലം എന്നിവര്‍ സെമിനാറില്‍ പ്രതികരണം നടത്തി. ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ. പി പ്രഭാകരന്‍, ഒ എം ബാലകൃഷ്ണന്‍, കെ ദാസപ്പ ഷെട്ടി, പി ദാമോദരന്‍, പി വേണുഗോപാലന്‍,എആര്‍ വിജയകുമാര്‍, ടി രാജന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *