കാസര്‍കോട് : നൂറ് വര്‍ഷം കഴിഞ്ഞിട്ടും കാസര്‍കോട് ഗവ. സെക്കണ്ടറി സ്‌കൂളിന് അവഗണന മാത്രം ബാക്കി. സമീപത്തുള്ള മറ്റ് സ്‌കൂളുകളെല്ലാം കോടികള്‍ ചിലവിട്ട് ഹൈടെക്കാക്കുമ്പോള്‍ നഗരഹൃദയത്തില്‍ സ്ഥിത ചെയ്യുന്ന ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് നൂറ് വര്‍ഷം പഴക്കമുള്ള കെട്ടിടങ്ങളിലാണ്. ഹൈസ്‌കൂള്‍ ഓഫീസും ലാബും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന അവസ്ഥയിലാണ്. ചെറിയൊരു മഴ വന്നാല്‍ പോലും ചോര്‍ന്നൊലിക്കുന്ന ഈ കെട്ടിടത്തിനകത്തുള്ള രേഖകളൊന്നും സുരക്ഷിതമല്ല. ആയതിനാല്‍ എത്രയും പെട്ടെന്ന് തന്നെ കെട്ടിടത്തിന്റെ അറ്റകുറ്റ പണികള്‍ നടത്തി അപകട സാധ്യത ഒഴിവാക്കണമെന്ന് ഒ.എസ്.എ പ്രവര്‍ത്തക സമിതി യോഗം അധികൃതരോടാവശ്യപ്പെട്ടു.നിലവിലുള്ള കെട്ടിടങ്ങള്‍ തന്നെ പെയിന്റൊക്കെ പോയി വൃത്തിഹീനമായി കിടക്കുകയായിരുന്നു. അതിന് പെയിന്റടിക്കാന്‍ പോലും ഫണ്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. പ്രവേശനേത്സവത്തോടനുബന്ധിച്ച് താല്‍ക്കാലികമായി മൂന്ന് ബ്ലോക്കുകള്‍ക്ക് സ്‌കൂള്‍ സ്റ്റാഫ് കൗണ്‍സിലും ഒ.എസ്.എ കമ്മിറ്റിയും സഹകരിച്ച് ഒന്നേകാല്‍ ലക്ഷം രൂപ ചിലവിട്ട് പെയിന്റടിച്ചു വൃത്തിയാക്കി നല്‍കി. മറ്റ് സ്‌കൂളുകള്‍ക്ക് എം.എല്‍.എ ഫണ്ടില്‍ നിന്നും കോടികള്‍ ചിലവിട്ട് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു നല്‍കുമ്പോള്‍ നഗരഹൃദയത്തിലെ സ്‌കൂളിനും കുറച്ച് തുക മാറ്റി വെക്കണമെന്നും യോഗം ആവശ്യപ്പെട്ടു.സ്‌കൂളില്‍ നിന്നും മുഴുവന്‍ വിഷയങ്ങള്‍ക്കും എ.പ്ലസ്സ് നേടിയ വിദ്യാര്‍ത്ഥികളെ അനുമാദിക്കും. ജൂണ്‍ 14 വെള്ളിയാഴ്ച രാവിലെ 9.30 സ്‌കൂളില്‍ നടക്കുന്ന ചടങ്ങ് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്യും. ഒ.എസ്.എ ട്രഷറര്‍ എന്‍.എ അബൂബക്കര്‍ വിജയികളെ അനുമോദിക്കും. ആഗസറ്റ് 2 ന് കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു. അതിന് മുന്നോടിയായി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ത്വരിതപ്പെടുത്തും.വൈസ് പ്രസിഡണ്ട് എ.എസ് മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. കെ.ബാലകൃഷ്ണന്‍, ടി.എ.മഹമൂദ്, റാഫി കുന്നില്‍, കെ. ജയചന്ദ്രന്‍, മഹമൂദ് വട്ടയക്കാട് പ്രസംഗിച്ചു. സെക്രട്ടറി ഷാഫി എ. നെല്ലിക്കുന്ന് സ്വാഗതവും അബ്ദുല്‍ ഷുക്കൂര്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.