കല്‍പ്പറ്റ: വയനാട്ടിലും റായ്ബറേലിയിലും വിജയിച്ച രാഹുല്‍ ഗാന്ധി മണ്ഡലം ഒഴിയുന്നതിനു മുന്‍പ് വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്നതിനായി വയനാട്ടിലെത്തും.ഒപ്പം ദേശീയ നേതാക്കളും മണ്ഡല സന്ദര്‍ശനത്തിനായി എത്തും. രാഹുലിന് ഉജ്ജ്വലമായ വരവേല്‍പ്പ് നല്‍കാനുള്ള ഒരുക്കങ്ങളിലാണ് ജില്ലാ നേതൃത്വം. എന്നാല്‍ റായ്ബറേലി, വയനാട് എന്നീ രണ്ട് മണ്ഡലങ്ങളിലും മൂന്ന് ലക്ഷത്തിലധികം ഭൂരിപക്ഷത്തിന് വിജയിച്ചതിന് പിന്നാലെ വയനാട് വിട്ട് നല്‍കാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം.മൂന്ന് ദിവസത്തിനകം ഒഴിഞ്ഞേക്കുമെന്നാണ് സൂചന. ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനിടെ മുതിര്‍ന്ന നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്. വയനാട് വിടുന്നതില്‍ രാഹുലിന് വിഷമമുണ്ടെങ്കിലും ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തനം ശക്തമാക്കാനാണ് റായ്ബറേലിയില്‍ തുടരുന്നതെന്ന് മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചു. നിലവില്‍ കേരളത്തില്‍ പാര്‍ട്ടി ശക്തമാണെന്നും മികച്ച നേതാക്കളുടെ സാന്നിധ്യം വേണ്ടുവോളമുണ്ടെന്നും പ്രവര്‍ത്തന സമിതി വിലയിരുത്തി.