പാലക്കുന്ന് : സഞ്ചിയുമായി പച്ചക്കറി സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ക്ക് പാലക്കുന്നിലെ ഐവൈ പച്ചക്കറി കടയില്‍ നിന്ന് ഓരോ നറുക്കെടുപ്പ് കൂപ്പണും ലഭിക്കും. മിക്ക പലചരക്കു, പച്ചക്കറി കടകളില്‍ നിന്ന് സാധനങ്ങള്‍ പ്ലാസ്റ്റിക് കൂടുകളില്‍ നല്‍കുന്നതാണല്ലോ പതിവ് നടപ്പ്. ഇത് നിരുത്സാഹപ്പെടുത്തി കടയില്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഒഴിവാക്കാനുള്ള യജ്ഞത്തിന്റെ ഭാഗമായാണ് ‘സഞ്ചി കൊണ്ടുവരൂ, സമ്മാനങ്ങള്‍ നേടൂ’ എന്ന പദ്ധതിയ്ക്ക് പാലക്കുന്നിലെ പച്ചക്കറി കടയുടമ എന്‍. കെ. സന്തോഷ് കുമാര്‍ തുടക്കം കുറിച്ചത്. സഞ്ചിയുമായി സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ വാഗ്ദനം ചെയ്ത് കൂപ്പണുകള്‍ വിതരണം ചെയ്യുകയാണിവിടെ. മാതൃകാപരമായ സന്തോഷ്‌കുമാറിന്റെ ഈ പദ്ധതി സ്വാഗതം ചെയ്ത വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം-പാലക്കുന്ന് യൂണിറ്റ് അവരുടെ വാര്‍ഷിക പൊതുയോഗത്തില്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു. യുണിറ്റ് പരിധിയില്‍ സമിതിയുടെ നേതൃത്വത്തില്‍ ഈ യജ്ഞം വ്യാപിപ്പിക്കുമെന്ന് പ്രസിഡന്റ് എം. എസ്. ജംഷിദ് അറിയിച്ചു. ഘട്ടംഘട്ടമായി പ്ലാസ്റ്റിക് പൂര്‍ണമായും വര്‍ജിക്കാനാണ് ലക്ഷ്യമിടുന്നത്. വിഷു ദിനത്തില്‍ തുടക്കം കുറിച്ച പച്ചക്കറി കടയിലെ പദ്ധതിയുടെ ആദ്യ നറുക്കെടുപ്പ് സമിതി പ്രസിഡന്റ് ജംഷീദ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ കരിപ്പോടി, മുരളി പള്ളം, അരവിന്ദന്‍ മുതലാസ്, യൂസഫ് ഫാല്‍ക്കണ്‍, ഗംഗാധരന്‍ പള്ളം, ശ്രീധരന്‍ പള്ളം, പി. കെ. രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം മിക്‌സി റീഗന്‍ പാലക്കുന്നും മറ്റു സമ്മാനങ്ങള്‍ റീന കൊപ്പല്‍, ജിതേഷ് കരിപ്പോടി എന്നിവരും നേടി. മാസത്തില്‍ ഒരു തവണ നറുക്കെടുപ്പ് തുടരുമെന്ന് കടയുടമ പറഞ്ഞു.