സംസ്ഥാനത്ത് മെയ് 31 ഓടെ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്;

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 31 ഓടെ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റെ പിന്നാലെ സംസ്ഥാനത്ത് ഇപ്പോള്‍ വേനല്‍ മഴ ശക്തമായിരിക്കുകയാണ്.നാലു ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ കാലവര്‍ഷം മാറിയേക്കാമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.ഇക്കുറി തീവ്രമായ ചൂടിന് പുറമെ മിക്ക ജില്ലകളിലും ഉഷ്ണതരംഗ മുന്നറിയിപ്പുമുണ്ടായിരുന്നു. ഈ വര്‍ഷത്തെ തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലം മെയ് 31ന് ആരംഭിക്കുന്നതോടെ നാല് മാസത്തെ മഴക്കാലത്തിന് തുടക്കമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഒരാഴ്ച വൈകി ജൂണ്‍ എട്ടിനാണ് സംസ്ഥാനത്ത് കാലവര്‍ഷത്തിന് തുടക്കമായത്.കാലാവസ്ഥ സൂചകമനുസരിച്ച് ഈ വര്‍ഷം നാല് മാസത്തെ തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് കേരളത്തില്‍ സാധരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ മണ്‍സൂണ്‍ കാലം ആരംഭിക്കുന്ന സാധാരണ തീയ്യതി ജൂണ്‍ ഒന്നായാണ് കണക്കാക്കുന്നതെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ ഡയറക്ടര്‍ മൃത്യുഞ്ജയ് മൊഹപത്ര അറിയിച്ചു. അതിനാല്‍ ഈ വര്‍ഷം കാലവര്‍ഷം നേരത്തെയെന്ന് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *