ശാസ്ത്രബോധവും മതേതരത്വവും ഭരണഘടനയുടെ അടിസ്ഥാന ശിലകള്‍: കൊടക്കാട് നാരായണന്‍

കാലിക്കടവ് : ശാസ്ത്രബോധവും മതേതരത്വവും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ശിലകളാണെന്ന് ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ ജില്ലാ സെക്രട്ടറിയുമായ കൊടക്കാട് നാരായണന്‍ പറഞ്ഞു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പിലിക്കോട് പഞ്ചായത്ത് ജനകീയ ശാസ്ത്ര സംവാദം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്‌പേസ് സയന്‍സ്, ന്യൂക്ലിയര്‍ സയന്‍സ്, ഐ.ടി, മോളിക്യുലാര്‍ ബയോളജി തുടങ്ങിയ രംഗങ്ങളില്‍ ഇന്ത്യ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്. എന്നാല്‍ ശാസ്ത്ര സാക്ഷരത പ്രചരിപ്പിക്കുന്നതില്‍ നാം പരാജയപ്പെട്ടു. ഇത് പൊതുജനങ്ങളില്‍ മാത്രമല്ല ശാസ്ത്രജ്ഞരില്‍ പോലും കാണുന്നില്ല. നമ്മുടെ ഭരണഘടനയുടെ അനുച്ഛേദം 51 A പ്രകാരം ശാസ്ത്ര ബോധം വളര്‍ത്തുക എന്നത് മൗലികമായ കര്‍ത്തവ്യമാണ്.
ഭരണഘടനാപരമായ ഉത്തരവാദിത്വം കേവലം വാചകങ്ങളില്‍ ഒതുങ്ങി. ഈ ആശയം സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നില്ല. ഫലം മതേതരമായ മൂല്യങ്ങള്‍ക്ക് പകരം വര്‍ഗീയതയും അന്ധവിശ്വാസവും വളര്‍ന്നതാണ്. അദ്ദേഹം പറഞ്ഞു. കാലിക്കടവ് രമ്യ ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ നടന്ന ചടങ്ങില്‍ ടി.വി.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ദേശീയ ഐക്കോണ്‍ അവാര്‍ഡ് നേടിയ രതീഷ് പിലിക്കോടിനെ അഭിനന്ദിച്ചു. ജില്ലാ സെക്രട്ടരി പി.പി. രാജന്‍, ജില്ലാ ട്രഷറര്‍ കെ. പ്രേമരാജ് എം.കെ. വിജയകുമാര്‍, കെ.പി. രാമചന്ദ്രന്‍, ഭരതന്‍ പിലിക്കോട് സംസാരിച്ചു.
പടം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജനകീയ ശാസ്ത്ര സംവാദം കാലിക്കടവ് രമ്യ ഫൈന്‍ ആര്‍ട്‌സ് ഹാളില്‍
അധ്യാപക അവാര്‍ഡ് ജേതാവ് കൊടക്കാട് നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *