ഉദയമംഗലം പയ്യംവയല്‍ നാഗത്തിങ്കാല്‍ സര്‍പ്പക്കാവില്‍ ആയില്യ മഹാപൂജ സമാപിച്ചു.

ഉദുമ: ഉദയമംഗലത്തിന്റെ പടിഞ്ഞാര്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്നതും പഴയകാലത്ത് ചെരിപ്പാടി തറവാടിന്റെ ഭാഗമായിരുന്നതും പൂര്‍വ്വികര്‍ ആരാധിച്ചുവരുന്നതും ത്രിമൂര്‍ത്തികളായ ഉഗ്രനാഗങ്ങള്‍ കുടികൊള്ളുന്നതുമായ പയ്യംവയല്‍ നാഗത്തിങ്കാല്‍ സര്‍പ്പക്കാവില്‍ വര്‍ഷംതോറും മേടമാസത്തിലെ ആയില്യം നക്ഷത്രത്തില്‍ നടത്തിവരുന്ന ആയില്യ മഹാപൂജ സമാപിച്ചു. വ്യാഴാഴച രാവിലെ മുതല്‍ ഉച്ചവരെയുള്ള മുഹൂര്‍ത്തത്തില്‍ വിവിധ തരത്തിലുള്ള അര്‍ച്ചനയും അഭിഷേകങ്ങളോടുകൂടി ബേക്കല്‍ കോട്ട ഹനുമാന്‍ ക്ഷേത്ര മേല്‍ശാന്തി മഞ്ചുനാഥ അഗിഡയുടെ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. രാവിലെ 8 മണിക്ക് ശുദ്ധി പുണ്യാഹവും വിവിധ അഭിഷേകവും നിവേദ്യ സമര്‍പ്പണവും അര്‍ച്ചനകളും നടന്നു. തുടര്‍ന്ന് നാഗാരാധനയുടെ പ്രാധാന്യം വിഷയത്തില്‍ കൊപ്പല്‍ ചന്ദ്രശേഖരന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തി. 11.30ന് നിവേദ്യ സമര്‍പ്പണത്തിനും നാഗപൂജയ്ക്കും ശേഷം പ്രസാദ വിതരണം ചെയ്തു. സര്‍പ്പദോഷപരിഹാരങ്ങള്‍ക്കും, സന്താന ഭാഗ്യത്തിനും, കുടുംബ ഐശ്വര്യത്തിനും, രോഗശാന്തിക്കുമായാണ് ആയില്യ മഹാപൂജ നടത്തുന്നത്. വിവിധ അര്‍ച്ചനകളിലും മഹാപൂജയിലും സംബന്ധിച്ച മുഴുവന്‍ പേര്‍ക്കും അന്നദാനവും ഒരുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *