ബാനം: നാടിനെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് ഉത്തരമേഖല വടംവലി മത്സരം. സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്തുന്നതിന്റെ ഭാഗമായി ബാനം ഗവ.ഹൈസ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതിയാണ് കമ്പപ്പോര് എന്ന പേരില്‍ ഉത്തരമേഖല വടംവലി മത്സരം സംഘടിപ്പിച്ചത്. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരങ്ങളാണ് മത്സരം വീക്ഷിക്കാനായി ഒഴുകിയെത്തിയത്. ഉത്തരകേരളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരന്ന പന്ത്രണ്ട് ടീമുകളാണ് മത്സരിക്കാനെത്തിയത്. കൊസാംബി ബേത്തൂര്‍പാറ ജേതാക്കളായി. ബ്രദേഴ്സ് ബാനം, സ്‌പോര്‍ട്‌സ് സെന്റര്‍ ബാനം എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ബാലന്‍ മാണിയാട്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയര്‍മാന്‍ ബാനം കൃഷ്ണന്‍, മദര്‍ പി.ടി.എ പ്രസിഡന്റ് വി.എന്‍ മിനി, വികസനസമിതി ചെയര്‍മാന്‍ കെ.എന്‍ ഭാസ്‌കരന്‍, പി.കെ ബാലചന്ദ്രന്‍, അനൂപ് പെരിയല്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനധ്യാപിക സി കോമളവല്ലി സ്വാഗതവും സഞ്ജയന്‍ മനയില്‍ നന്ദിയും പറഞ്ഞു. വിജയികള്‍ക്ക് പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പി.ഗോപാലകൃഷ്ണന്‍ സംബന്ധിച്ചു.