പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ട ലംഘനം പരാതിപ്പെടാന്‍ സി-വിജില്‍ ആപ്പ് ജില്ലയില്‍ ഇതുവരെ ലഭിച്ചത് 17 പരാതികള്‍

ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുളള തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികളും ക്രമക്കേടുകളും അറിയിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍
പുറത്തിറക്കിയ മൊബൈല്‍ സിവിജില്‍ ആപ്പിലൂടെ ജില്ലയില്‍ ലഭിച്ചത് 17 പരാതികള്‍. ഇതില്‍ 15 പരാതികളിലും നടപടി സ്വീകരിച്ചു. അപൂര്‍ണ്ണമായ രണ്ടു പരാതികള്‍ ഉപേക്ഷിച്ചു. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്നും ഒന്‍പത് പരാതികളാണ് ലഭിച്ചത്. കാസര്‍കോട് നിയോജക മണ്ഡലത്തില്‍ നിന്നും നാല്, ഉദുമ കാഞ്ഞങ്ങാട് എന്നീ മണ്ഡലങ്ങളില്‍ നിന്നും ഓരോ പരാതികള്‍ വീതമാണ് ലഭിച്ചത്. മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും ഇതുവരെ പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ല.

മാര്‍ച്ച് 16 ന് വൈകുന്നേരം തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത് മുതലാണ് ജില്ലയില്‍ സി വിജില്‍ ആപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. ചുമരെഴുത്ത്, ഗവണ്‍മെന്റിന്റ് കൈവശമുള്ള സ്ഥലങ്ങളില്‍ അനധികൃതമായി പ്രചാരണ പോസ്റ്റര്‍ പതിക്കല്‍, ഫ്ളക്‌സുകള്‍ എന്നിവയ്ക്കെതിരെയുള്ള പരാതികളാണ് ഇതുവരെ ലഭിച്ചതെന്ന് കണ്‍ട്രോള്‍ റൂം നോഡല്‍ ഓഫീസര്‍ കെ.വി ശ്രുതി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുളള പരാതികളും ക്രമക്കേടുകളും പൊതുജനങ്ങള്‍ക്ക് സി-വിജില്‍ (cVIGIL) ആപ്പ് വഴി അറിയിക്കാം. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനുളള സംവിധാനമാണിത്. മികച്ച ഇന്റര്‍നെറ്റ് കണക്ഷനും ജി.പി.എസ് സൗകര്യവുമുള്ള ഏത് സ്മാര്‍ട്ട് ഫോണിലും സി-വിജില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം. പരാതി ലഭിച്ച് 100 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിച്ച് മറുപടി ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം. പെരുമാറ്റചട്ടലംഘനമോ ചെലവ് സംബന്ധമായ ചട്ടലംഘനമോ ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതികാരന് ആപ്പ് വഴി ചിത്രം അല്ലെങ്കില്‍ വീഡിയോ എടുത്ത് നല്‍കി പരാതി രജിസ്റ്റര്‍ ചെയ്യാം. പരാതി ജില്ലാ കണ്‍ട്രോള്‍ റൂമില്‍നിന്ന് ഫീല്‍ഡ് യൂണിറ്റിന് കൈമാറും. ശേഷം സ്‌ക്വാഡുകള്‍ സ്ഥലത്തെത്തി നടപടിയെടുക്കും. ഏത് സ്ഥലത്തുനിന്നാണ് ഫോട്ടോ/വീഡിയോ എടുക്കുന്നതെന്ന് ആപ്പ് തിരിച്ചറിഞ്ഞ് രേഖപ്പെടുത്തുന്നതിനാല്‍ ഈ ഡിജിറ്റല്‍ തെളിവ് ഉപയോഗിച്ച് സ്‌ക്വാഡിന് സമയബന്ധിതമായി നടപടി എടുക്കാനാവും. ഫോണ്‍ നമ്പര്‍, ഒ.ടി.പി, വ്യക്തിവിവരങ്ങള്‍ നല്‍കി പരാതി സമര്‍പ്പിക്കുന്നയാള്‍ക്ക് തുടര്‍നടപടികള്‍ അറിയാന്‍ ഐ.ഡി ലഭിക്കും. പരാതിക്കാരന്‍ തിരിച്ചറിയപ്പെടാതെ പരാതി നല്‍കാനുള്ള സംവിധാനവും ആപ്പിലുണ്ട്. ഇങ്ങനെ പരാതി നല്‍കുന്നയാള്‍ക്ക് പരാതിയുടെ തുടര്‍ വിവരങ്ങള്‍ ലഭിക്കില്ല. തുടര്‍ച്ചയായി ഒരേ സ്ഥലത്തുനിന്ന് ഒരേ പരാതികള്‍ നല്‍കുന്നത് ഒഴിവാക്കാനും സംവിധാനമുണ്ട്. ജില്ലാതലത്തില്‍ തീര്‍പ്പാക്കാന്‍ കഴിയാതെ വന്നാല്‍ വിവരങ്ങള്‍ തുടര്‍ നടപടികള്‍ക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നാഷണല്‍ ഗ്രീവന്‍സ് പോര്‍ട്ടലിലേക്ക് അയക്കും.

Leave a Reply

Your email address will not be published. Required fields are marked *