ജില്ലയുടെ സമഗ്ര വികസനത്തിന് ആഴത്തിലുള്ള ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കും -മന്ത്രി കെ.എം ഷാജി

കൃത്യമായ ആസൂത്രണത്തിലൂടെ നാടിനെ രക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തമാണ് സര്‍ക്കാര്‍ നിര്‍വഹിക്കുന്നതെന്ന് മന്ത്രി കെ.എം ഷാജി. പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണ പ്രക്രിയയുടെ ഭാഗമായി ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ചേര്‍ന്ന ജില്ലാതല ആശയ-അഭിപ്രായ രൂപീകരണ യോഗം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാര്‍ കേരളത്തെ നഗരസംസ്ഥാനമായാണ് പരിഗണിക്കുന്നത്. കേന്ദ്ര വിഹിതത്തെ ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ ചെലവഴിക്കുമ്പോള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് മാതൃകപരമായ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണം. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ അനുഭവിക്കുന്ന രൂക്ഷമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സമഗ്രമായ പദ്ധതികള്‍ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. നിരവധി മേഖലകളില്‍ പുരോഗതി കൈവരിച്ചിട്ടും മാലിന്യ സംസ്‌കരണം ഉള്‍പ്പടെയുള്ള മേഖലകളില്‍ മാതൃകാ പദ്ധതികള്‍ ഇല്ല. ഇത്തരം മാതൃകാ പദ്ധതികള്‍ തയാറാക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ വേണം. ആശയ, അഭിപ്രായ രൂപീകരണ യോഗത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയുടെ സമഗ്ര വികസനത്തിന് ആഴത്തിലുള്ള ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ സമഗ്രമല്ല. നിലവില്‍ അംഗങ്ങള്‍ക്കിടയില്‍ പദ്ധതി വിഹിതം വീതം വെക്കുകയാണ്. ഇത് അഞ്ചു വര്‍ഷത്തേക്കുള്ള പദ്ധതികളായി മാറണം. നല്ല പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്നും മന്ത്രി പറഞ്ഞു.
കെ. നീലകണ്ഠന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം ചന്ദ്രശേഖര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായി. എം.എല്‍.എമാരായ എ.കെ.എം അഷ്‌റഫ്, കല്ലട്ര മാഹിന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ സാബു അബ്രഹാം, മുന്‍ പഞ്ചായത്ത്-പൊതുമരാമത്ത് മന്ത്രി സി.ടി. അഹമ്മദലി, ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് എന്നിവര്‍ സംസാരിച്ചു.
രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക്1.30 വരെ നടന്ന ആദ്യ സെഷനില്‍ ജനപ്രതിനിധികളും ജില്ലാതല ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയും ആശയ-അഭിപ്രായ രൂപീകരണവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം അധ്യക്ഷത വഹിച്ചു. സെഷന്‍ രണ്ടില്‍ ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ യോഗത്തില്‍ ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, വിഷയ മേഖലയിലെ വിദഗ്ധര്‍, ഗവേഷകര്‍, സംരംഭകര്‍, സന്നദ്ധ സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *