ഹൈദരാബാദില്‍ 500 കോടിയുടെ നിക്ഷേപവുമായി ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍; 300 കിടക്കകളുള്ളപുതിയ മള്‍ട്ടിസ്‌പെഷ്യാലിറ്റിആശുപത്രി 2027 മാര്‍ച്ചില്‍ പ്രവര്‍ത്തനമാരംഭിക്കും

കൊച്ചി: പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റര്‍ ഡി.എം ക്വാളിറ്റി കെയര്‍ ലിമിറ്റഡ് ഹൈദരാബാദിലെ കൊണ്ടാപ്പൂരില്‍ 500 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന 300 കിടക്കകളുമായി പുതിയ മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രി 2027 മാര്‍ച്ചില്‍ പ്രവര്‍ത്തനമാരംഭിക്കും. ആസ്റ്റര്‍ ഡി.എം ക്വാളിറ്റി കെയര്‍ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്റെ ഹൈദരാബാദ് സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് മൂന്ന് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഒരുങ്ങുന്ന ഈ ആശുപത്രിയുടെ പ്രഖ്യാപനം നടന്നത്.

രാജ്യത്തെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വിദഗ്ധ ചികിത്സാ സേവനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി ആസ്റ്റര്‍ ഡി.എം ക്വാളിറ്റി കെയര്‍ നടപ്പാക്കുന്ന 4,000 കോടി രൂപയുടെ വിപുലീകരണ പദ്ധതിയുടെ ഭാഗമാണിത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 4,000 മുതല്‍ 4,400 വരെ പുതിയ കിടക്കകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് രാജ്യത്തുടനീളമുള്ള ആകെ കിടക്കകളുടെ എണ്ണം 15,000-ത്തിന് മുകളിലേക്ക് ഉയര്‍ത്താനാണ് ആസ്റ്റര്‍ ക്വളിറ്റി കെയര്‍ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ വളര്‍ന്നുവരുന്ന ആരോഗ്യ മേഖലയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആധുനിക ചികിത്സാ അടിസ്ഥാന സൗകര്യങ്ങളില്‍ സുസ്ഥിരമായ നിക്ഷേപം അനിവാര്യമാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ 4,000 കോടി രൂപ നിക്ഷേപിക്കാനുള്ള തീരുമാനം രാജ്യത്തെ ആരോഗ്യ മേഖലയോടുള്ള ഞങ്ങളുടെ ദീര്‍ഘകാല പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നതെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. നൂതന ചികിത്സകള്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യ, മെഡിക്കല്‍ വിദ്യാഭ്യാസം, ഗവേഷണം എന്നിവ സമന്വയിപ്പിച്ച ഒരു സമ്പൂര്‍ണ്ണ ആരോഗ്യ പരിപാലന സംവിധാനമാണ് ഞങ്ങള്‍ കെട്ടിപ്പടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ പരിപാലന രംഗത്തെ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതിനാണ് പ്രഥമ പരിഗണനയെന്ന് ആസ്റ്റര്‍ ഡി.എം ക്വാളിറ്റി കെയര്‍ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒ-യുമായ വരുണ്‍ ഖന്ന വ്യക്തമാക്കി. ആഗോള നിലവാരത്തിലുള്ള ചികിത്സാ രീതികളും അത്യാധുനിക സാങ്കേതികവിദ്യയും വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനവും ഒത്തുചേരുന്ന മികച്ച ചികിത്സാ അന്തരീക്ഷം ഒരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഒരുങ്ങുന്ന ആശുപത്രിയില്‍ 100 തീവ്രപരിചരണ കിടക്കകള്‍, 10 മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍, 24 മണിക്കൂര്‍ അത്യാഹിത വിഭാഗം എന്നിവയുണ്ടാകും. കൂടാതെ അഡ്വാന്‍സ്ഡ് കാത്ത് ലാബ്, സി.ടി, എം.ആര്‍.ഐ, എക്‌മോ (ഇ.സി.എം.ഒ), ഐ.വി.യു.എസ്, ഇ-ബസ്, ഇ.ആര്‍.സി.പി തുടങ്ങിയ അത്യാധുനിക രോഗനിര്‍ണ്ണയ-ചികിത്സാ സംവിധാനങ്ങളും സജ്ജമാക്കും.

കൊണ്ടാപ്പൂരിലെ പുതിയ ആശുപത്രി പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഹൈദരാബാദിലെ ശൃംഖല എട്ട് ആശുപത്രികളായി വികസിക്കുമെന്നും ഐ.ടി മേഖലയിലുള്ളവര്‍ക്കും കുടുംബങ്ങള്‍ക്കും അടിയന്തര ചികിത്സ താമസസ്ഥലത്തിന് അടുത്തുതന്നെ ലഭ്യമാകുമെന്നും ഇന്ത്യ-2 സി.ഇ.ഒ ഡോ. പവന്‍ കുമാര്‍ അഭിപ്രായപ്പെട്ടു.

ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ ക്വാളിറ്റി കെയര്‍ ഇന്ത്യ ലയനശേഷം ആസ്റ്റര്‍ ഡി.എം ക്വാളിറ്റി കെയറിന് കീഴില്‍ ആസ്റ്റര്‍ ഡി.എം, കെയര്‍ ഹോസ്പിറ്റല്‍സ്, എവര്‍കെയര്‍, കിംസ് ഹെല്‍ത്ത് എന്നീ ബ്രാന്‍ഡുകളിലായി 27 നഗരങ്ങളില്‍ 38 ആശുപത്രികളും 10,840-ലധികം കിടക്കകളുമുള്ള വിപുലമായ ശൃംഖലയാണ് ആസ്റ്റര്‍ ക്വളിറ്റി കെയര്‍ ഗ്രൂപ്പിന് കീഴിലുള്ളത്. ഹൈദരാബാദിന്റെ പടിഞ്ഞാറന്‍ മേഖലയിലെയും സംഗറെഡ്ഡി ഉള്‍പ്പെടെയുള്ള സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള വിദഗ്ധ ചികിത്സ ഉറപ്പാക്കുന്ന സുപ്രധാന കേന്ദ്രമാകും പുതിയ ആശുപത്രി.

Leave a Reply

Your email address will not be published. Required fields are marked *