രാജപുരം : കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന ഹൈവേയും മലയോര ഹൈവേയും സംഗമിക്കുന്ന കിഴക്കന്‍ മലയോര മേഖലയിലെ പ്രധാന ടൗണുകളില്‍ ഒന്നായ കോളിച്ചാല്‍ ടൗണില്‍ മുന്‍ മന്ത്രി ഇ.ചന്ദ്രശേഖരന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റുകള്‍ നാളുകളായി പ്രകാശിക്കുന്നില്ലെന്ന് പരാതി. പനത്തടി – കള്ളാര്‍ പഞ്ചായത്തുകളുടെ സംഗമ കേന്ദ്രവും ഗതാഗത തിരക്ക് ഏറെ ഉള്ള പാലവും ഉള്‍പ്പെട്ട കോളിച്ചാല്‍ ടൗണില്‍ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ രാത്രി വൈകിയും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.
ഓട്ടോ -ടാക്‌സി സ്റ്റാന്റുകളില്‍ എത്തുന്ന യാത്രക്കാരും രാത്രികാലങ്ങളില്‍ ടൗണില്‍ വെളിച്ചം ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഇക്കാര്യത്തില്‍ അധികൃതരുടെ അടിയന്തര ശ്രദ്ധ ഉണ്ടാവണമെന്നും ടൗണിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ എത്രയും വേഗം അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്‍ത്തന ക്ഷമമാക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി കോളിച്ചാല്‍ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡണ്ട് അനീഷ് വട്ടക്കാട്ട് അധ്യക്ഷത വഹിച്ചു. ജസ്റ്റിന്‍ തങ്കച്ചന്‍, സി. കെ. രാമന്‍, ജോസ്‌മോന്‍ ടി.വി, സന്തോഷ് ശ്രീലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.