ഇന്ത്യയിലെ ആദ്യ മിക്‌സഡ് റിയാലിറ്റി മള്‍ട്ടിപ്ലെയര്‍ ലേണിംഗ് ലാബ് മധ്യപ്രദേശില്‍ സ്ഥാപിച്ച് മലയാളി കമ്പനി

കൊച്ചി: മധ്യപ്രദേശിലെ റേവയിലുള്ള ജ്യോതി സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാജ്യത്തെ ആദ്യത്തെ ‘മിക്‌സഡ് റിയാലിറ്റി മള്‍ട്ടിപ്ലെയര്‍ ലേണിങ് ലാബ്’ സ്ഥാപിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) സ്റ്റാര്‍ട്ടപ്പ്. ഇമ്മേഴ്സീവ് ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ ഇന്‍ഫ്യൂസറി ഫ്യൂച്ചര്‍ ടെക് ലാബ്‌സാണ് ഈ നേട്ടം കൈവരിച്ചത്.

കോട്ടയം സ്വദേശി തോംസണ്‍ ടോം, തൃശൂര്‍ സ്വദേശി ശ്യാം പ്രദീപ് ആലില്‍ എന്നിവര്‍ ചേര്‍ന്ന് 2018-ല്‍ സ്ഥാപിച്ച ഇന്‍ഫ്യൂസറി, സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തിനായി ‘ട്യൂട്ടര്‍ എക്‌സ്ആര്‍’ അത്യാധുനിക പ്ലാറ്റ്ഫോം വികസിപ്പിച്ചിരുന്നു. സ്‌കൂളിലെ 1,000 ചതുരശ്ര അടി വിസ്തൃതിയില്‍ ഒരുക്കിയിരിക്കുന്നലാബിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് മുറികളില്‍ തന്നെ ത്രിമാന (ത്രിഡി) ഡിജിറ്റല്‍ മാതൃകകളുമായി നേരിട്ട് ഇടപഴകി പഠിക്കാനാകും.

പരമ്പരാഗത വെര്‍ച്വല്‍ റിയാലിറ്റി (വിആര്‍) സംവിധാനങ്ങളില്‍ ഓരോ വിദ്യാര്‍ത്ഥിയും കമ്പ്യൂട്ടര്‍ സൃഷ്ടിച്ച ലോകത്തിനുള്ളില്‍ ഒറ്റപ്പെടുകയാണ് ചെയ്യുന്നതെങ്കില്‍, മിക്‌സഡ് റിയാലിറ്റി സാങ്കേതികവിദ്യയിലൂടെ ക്ലാസ് മുറിയും അധ്യാപകരെയും സഹപാഠികളെയും കണ്ടുകൊണ്ട് തന്നെ കൂട്ടായി പഠനം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നു.

ഭൗതികശാസ്ത്രത്തിലെ പ്രകാശ പ്രതിഫലനം പോലുള്ള പരീക്ഷണങ്ങളില്‍ ഒരേസമയം ഒരുമിച്ച് നിന്ന് വെര്‍ച്വല്‍ കണ്ണാടിയും പ്രകാശകിരണങ്ങളും ക്രമീകരിച്ച് നിരീക്ഷണങ്ങള്‍ പങ്കുവെക്കാന്‍ ഇതുവഴി സാധിക്കും. മൂവായിരത്തിലധികം ഇമ്മേഴ്സീവ് ലേണിങ് മൊഡ്യൂളുകളാണ് ട്യൂട്ടര്‍ എക്‌സ് ആര്‍ വാഗ്ദാനം ചെയ്യുന്നത്.

മള്‍ട്ടിപ്ലെയര്‍ എക്‌സ്ആര്‍ അന്തരീക്ഷത്തില്‍ പ്രത്യേക ട്രാക്കിങ് ഉപകരണങ്ങളോ ഹാര്‍ഡ്വെയര്‍ സെറ്റപ്പുകളോ ഇല്ലാതെ തന്നെ എല്ലാവര്‍ക്കും ഒരേ വെര്‍ച്വല്‍ വസ്തുക്കള്‍ ഒരേ സ്ഥാനത്ത് കൃത്യതയോടെ ട്യൂട്ടര്‍ എക്‌സ് ആര്‍ ലഭ്യമാക്കും. സ്വന്തം സാങ്കേതികവിദ്യയായ ‘റിലേറ്റീവ് ആങ്കറിങ് സിസ്റ്റം’ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഹാര്‍ഡ്വെയറുകളെ ആശ്രയിക്കാതെ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ഏക സാങ്കേതികവിദ്യയാണിത്.

സാങ്കേതികവിദ്യയിലൂടെ പഠനം കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ ട്യൂട്ടര്‍ എക്‌സ് ആര്‍ ലാബ് സഹായിക്കുമെന്ന് ജ്യോതി സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ അഡ്വ. ഫാ. ജെസ്ബിന്‍ മാത്യുവും, ഇത്തരമൊരു സൗകര്യം സ്‌കൂളില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പ്രിന്‍സിപ്പല്‍ ഫാ. സിജു ജോണും പറഞ്ഞു.

പാഠപുസ്തകങ്ങളിലും കേവല വിവരണങ്ങളിലും ഒതുങ്ങാതെ പ്രായോഗിക പ്രവര്‍ത്തനങ്ങളിലൂടെയും സാങ്കേതികവിദ്യയുടെ സഹായത്തോടെയും കുട്ടികളില്‍ പഠനം സാധ്യമാക്കണമെന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് സംരംഭം കരുത്തുപകരുന്നു. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള ആഗോള സ്ഥാപനങ്ങള്‍ക്കായി സാങ്കേതിക പദ്ധതികള്‍ നടപ്പിലാക്കിയിട്ടുള്ള ഇന്‍ഫ്യൂസറി, രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് ഇതിലൂടെ തുടക്കമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *