സമഗ്ര വികസനം ലക്ഷ്യമിട്ട് കോട്ടിക്കുളം റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ രൂപീകരിച്ചു; പരശുവിന് സ്റ്റോപ്പ് വേണം; ടൂറിസം സ്റ്റേഷനാക്കണം

പാലക്കുന്ന് : കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് കോട്ടിക്കുളം റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ (കെ ആര്‍ പി എ) രൂപീകരിച്ചു.ഉദുമ, പള്ളിക്കര, ചെമ്മനാട്, പുല്ലൂര്‍ പെരിയ, ബേഡകം, കുറ്റിക്കോല്‍ ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളിലെ ജനങ്ങളുടെ നിരന്തര ആവശ്യമാണ് ഈ സ്റ്റേഷന്റെ വികസനം. ഈ പഞ്ചായത്ത് പരിധിയില്‍ നിന്ന് ചുരുങ്ങിയ സമയത്തിനകം ഇവിടെ എത്തിപ്പെടാന്‍ ഏറെ സൗകര്യപ്രദമായ റെയില്‍വേ സ്റ്റേഷനാണിത്.മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളും റിസോര്‍ട്ടുകളുമുള്ള പഞ്ചായത്തിലാണ് കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍.ഇരു പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് കാലെടുത്തു വെക്കുന്നത് തിരക്കേറിയ ടൗണില്‍. അര കിലോ മീറ്റര്‍ ചുറ്റളവില്‍ ഇവിടെ സര്‍വ്വവിധ സൗകര്യങ്ങളുമുണ്ടെന്നത് ഈ സ്റ്റേഷന്‍ നിലകൊള്ളുന്ന പാലക്കുന്നിന്റെ പ്രത്യേകതയാണ്. ടൂറിസമായും ഏറെ വികസന സാധ്യതയുള്ള ഈ റെയില്‍വേ സ്റ്റേഷനെ അവഗണിക്കുന്നതില്‍ പുതുതായി രൂപീകരിച്ച കോട്ടിക്കുളം റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ പ്രഥമ പൊതുയോഗം പ്രതിഷേധിച്ചു. സമൂഹത്തിലെ നാനാ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തിയാണ് കെആര്‍പിഎ യ്ക്ക് രൂപം നല്‍കിയത്.സൊസൈറ്റി ആക്ട് അനുസരിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായ ശേഷം നടന്ന ആദ്യ യോഗം ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന്‍ നാലാംവാതുക്കല്‍ ഉദ്ഘാടനം ചെയ്തു.

പരശുറാം എക്‌സ്പ്രസ്സ് ഓടിത്തുടങ്ങിയ നാള്‍ മുതല്‍ ഈ ട്രെയിനിന് കോട്ടിക്കുളത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന് വിവിധ സംഘടനകളും കൂട്ടായ്മകളും നിരന്തരമായി ആവശ്യപ്പെട്ടുവരികയാണ്.തെക്കന്‍ ജില്ലകളിലേക്കും തല സ്ഥാനത്തിലെ വിവിധ ഓഫീസുകളിലേക്കും എത്തിപ്പെടാനും രോഗികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുലര്‍ച്ചെ മംഗ്ലൂരില്‍ നിന്ന് പുറപ്പെടുന്ന ഈ ട്രെയിന്‍ ഏറെ ഉപകാരപ്പെടും. മടക്കയാത്രയും പരുങ്ങലിലാണിപ്പോള്‍. ഈ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചാല്‍ വരുമാനം ഏറെ വര്‍ധിക്കുമെന്ന് ഉറപ്പ് നല്‍കാന്‍ അസോസിയേഷന്‍ തയ്യാറാണ്. പരശുവിന് അടിയന്തരമായി കോട്ടിക്കുളത്ത് സ്റ്റോപ്പ് അനുവദിക്കണമെന്നും റിസര്‍വേഷന്‍ സൗകര്യം പുനസ്ഥാപിക്കണമെന്നും പൊതു യോഗം ആവശ്യപ്പെട്ടു.

ജില്ലയുടെ സമഗ്ര വികസന സാധ്യതകള്‍ കണ്ടെത്താന്‍ കേരള സര്‍ക്കാര്‍ നിയമിച്ച പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ച് കോട്ടിക്കുളത്തെ ടൂറിസം സ്റ്റേഷന്‍ ആയി പ്രഖ്യാപിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത മൂവ്‌മെന്റ് ഫോര്‍ ബെറ്റര്‍ കേരള സൊസൈറ്റി (കാസര്‍കോട്) പ്രതിനിധികള്‍ പ്രത്യേക പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദേശീയ അംഗീകൃത ടൂറിസം മേഖലയില്‍ ലക്ഷ്യ സ്ഥാനത്ത് എത്തിപ്പെടാന്‍ കോട്ടിക്കുളം ഏറെ സൗകര്യപ്രദം എന്ന് അവര്‍ സൂചിപ്പിച്ചു. കെ ആര്‍ പി എ പ്രസിഡന്റ് ജയാനന്ദന്‍ പാലക്കുന്ന് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ. കെ. അജിത് ബേളൂര്‍, ട്രഷറര്‍ കാപ്പില്‍ മുഹമ്മദ് ഷിയാസ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മംഗള, അംഗങ്ങളായ ശംഭു ബേക്കല്‍, സി. കെ. വേണു എം. എ. കാദര്‍, പാലക്കുന്നില്‍ കുട്ടി, ബി.ടി. ജയറാം, സുരേഷ് ബേക്കല്‍, എം. എ. മൈമുന, കെ. പ്രമീള, ജാനകി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എം. എസ്ജം ഷീദ്, ജയചന്ദ്രന്‍ പാലക്കുന്ന്, വിനോദ് മേല്‍പ്പുറത്ത്, സുരേഷ് ബാബു കരിപ്പോടി, പി.വി.ഉദയകുമാര്‍, രവി പനയാല്‍, ഫറൂഖ് കാസ്മി, മുരളി പള്ളം, മധുകുമാര്‍, അഡ്വ. വിദ്യാധരന്‍ നമ്പ്യാര്‍, സി. കെ. കണ്ണന്‍, ദേവദാസ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *