പാലക്കുന്ന് : യുദ്ധ മേഖലയിലൂടെയുള്ള കപ്പല്‍ യാത്രയില്‍ ഇന്ത്യന്‍ പൗരന്മാക്ക് സുരക്ഷയും സംരക്ഷണവും ഉറപ്പാക്കണമെന്ന് പാലക്കുന്ന് ഭഗവതി സേവാ സിമെന്‍സ് അസോസിയേഷന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ പ്രത്യക്ഷമായോ പരോക്ഷമയോ ഭാഗഭാക്കല്ലാത്ത ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെടുന്നതില്‍ യോഗം ഉത്ക്കണ്ഠ രേഖപ്പെത്തി . ഒഡേസ തീരത്ത് ഗോള്‍ഡന്‍ ലിയോ എന്ന കപ്പലില്‍ വെള്ളരിക്കുണ്ടിലെ അഖില്‍ ജോയന്‍ അടക്കം 4 ഇന്ത്യന്‍ നാവികരാണ് റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ മരണപ്പെട്ടത്. അവരുടെ മരണത്തില്‍ അനുശോചിച്ചു. നാളിതുവരെയുണ്ടായ സമാന സാഹചര്യത്തില്‍ മരണപ്പെട്ട നാവികരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഏറെ നാളുകള്‍ വേണ്ടിവരുന്നതാണ് അനുഭവം. കപ്പലില്‍ ചീഫ് ഓഫീസര്‍ ആയ അഖില്‍ ജോയന്റെ മൃതദേഹം ഉടനെ നാട്ടിലെത്തിക്കാന്‍ നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു. പി. വി. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. പാലക്കുന്നില്‍ കുട്ടി, യു. കെ. ജയപ്രകാശ്, നാരായണന്‍ കുന്നുമ്മല്‍, പി. വി. ഭാസ്‌കരന്‍, ക്യാപ്റ്റന്‍ ഷൈജു ചിത്രന്‍, എന്‍. വി. കുമാരന്‍, സുനില്‍കുമാര്‍ കൊക്കാല്‍, രമേശന്‍ പാലക്കുന്ന് എന്നിവര്‍ സംസാരിച്ചു.